ഇങ്ങനെ വേണം പെണ്‍കുട്ടികളായാല്‍, ആരതി ഒരു’ത്തീ’ ആണെന്ന് നവ്യ നായര്‍
കരിവെള്ളൂര്‍: കെ.എസ്.ആര്‍.ടി.സി യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ച ആരതിയെ അഭിനന്ദിച്ച് നടി നവ്യ നായര്‍. ആരതി മറ്റൊരുത്തീ, ഒരു’ത്തീ’ ആണെന്ന് നവ്യ ഫേസ്ബുക്കില്‍ കുറിച്ചു. ആരതിയെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു നവ്യയുടെ പ്രതികരണം. കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് സ്വകാര്യ ബസ് സമരം നടത്തിയപ്പോഴായിരുന്നു സംഭവം.
ആരതിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. മഞ്ജു വാര്യര്‍ നായികയായ ‘പ്രതി പൂവന്‍ കോഴി’ എന്ന സിനിമയുമായി ആരതിയുടെ ‘പ്രതികാര’ത്തിന് സാമ്യമുണ്ടെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു.
കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് കഥയിലെ നായിക. ബസില്‍ വെച്ച് ഉപദ്രവിച്ചയാളെ മറ്റൊന്നും ചിന്തിക്കാതെ, ആരതി ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാടിനുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിക്ക് സഹയാത്രികനില്‍ നിന്നും ദുരനുഭവം ഉണ്ടായത്.
സ്വകാര്യ ബസ് പണിമുടക്ക് നടത്തിയ ദിവസമായിരുന്നു സംഭവം. കാഞ്ഞങ്ങാടിനുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ നല്ല തിരക്കായിരുന്നു. ബസിലുണ്ടായിരുന്ന രാജീവ് നീലേശ്വരത്ത് വെച്ച് ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ലുങ്കിയും ഷര്‍ട്ടും ആയിരുന്നു വേഷം. മുട്ടിയുരുമ്മി നിന്നപ്പോള്‍, ആരതി ഇയാളോട് മാറി നിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ മാറി നിന്നില്ല. യുവതി പറഞ്ഞത് കാര്യമാക്കാതെ വീണ്ടും ഉപദ്രവം തുടര്‍ന്നു. ബസിലുണ്ടായിരുന്ന മറ്റാരും ഇടപെട്ടുമില്ല.
ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട് എത്തിയിരുന്നു. ആരതി പോലീസിനെ വിളിക്കാനുള്ള ശ്രമമാണെന്ന് കണ്ടതും ഇയാള്‍ ഇറങ്ങിയോടി. ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം ആരതി രാജീവന്റെ പിറകെ ഓടി.
രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ ഓട്ടത്തിനിടയില്‍ അയാളുടെ ഒരു ഫോട്ടോയുമെടുത്തു. ഒടുവില്‍, അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിന്നാലെയെത്തി സമീപത്തെ കടക്കാരോട് കാര്യം പറഞ്ഞു. ഇവരുടെ സഹായത്തോടെ ആരതി ഇയാളെ പിടികൂടി. പിങ്ക് പോലീസിനെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.