ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ ആരാണ് വൈറൽ വീട്ടമ്മയെന്നറിയാം

‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയയായി ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശി കവിത സുഭാഷ്. ആലപ്പുഴ ചുങ്കം ഈസ്റ്റിലെ സുഭാഷ് ഹോട്ടല്‍ ഉടമയുടെ മകളായ കവിത, മനോരമ ന്യൂസിന് നല്‍കിയ ബൈറ്റിലൂടെയാണ് വൈറലായത്. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള തന്റെ സ്‌നേഹവും ബഹുമാനവുമാണ് താന്‍ പ്രകടിപിച്ചതെന്ന് കവിത പറഞ്ഞു.ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണമാണ് കേരളത്തിന് ആവശ്യമെന്നും നാട് അതാണ് ആഗ്രഹിക്കുന്നതെന്നും കവിത പ്രതികരിച്ചു.

കവിതയുടെ വാക്കുകള്‍: ”മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ബഹുമാനവും സ്‌നേഹവുമാണ് ഞാന്‍ പ്രകടിപ്പിച്ചത്. മനോരമയുടെ ആ ബൈറ്റിലൂടെ എന്റെ സ്‌നേഹം മുഖ്യമന്ത്രി കാണുന്നതില്‍ വളരെ സന്തോഷമുണ്ട്. തീര്‍ച്ചയായും പിണറായിയുടെ തുടര്‍ഭരണം കേരളത്തില്‍ വേണം. മികച്ച ഭരണമാണ് അദ്ദേഹത്തിന്റേത്. നാട് അത് ആഗ്രഹിക്കുന്നു. വീഡിയോയില്‍ കാണുന്നത് എന്റെ അമ്മയെയും ബന്ധവിനെയുമാണ്. വീഡിയോ കണ്ട് ധാരാളം പേര്‍ വിളിക്കുന്നു. വളരെ സന്തോഷമുണ്ട്.”

ആലപ്പുഴയിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോഴാണ്, ‘ഇരട്ട ചങ്കാ, ഐ ലൈക്ക് യൂ.. ഉമ്മ’ എന്ന് കവിത മറുപടി നല്‍കിയത്. ഇതാണ് ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും ഏറ്റെടുത്തത്. മന്ത്രി കടകംപള്ളിയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. മന്ത്രി പറഞ്ഞത് ഇങ്ങനെ: ”കേരളത്തിന്റെ പൊതുവികാരം ഇതാണ്. പ്രതിസന്ധികളെ അതിജീവിക്കാന്‍ ഒപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് കേരളം ആഗ്രഹിക്കുന്നത്.”

പിണറായി ഭരണത്തെക്കുറിച്ച് കവിതയുടെ അമ്മ പറയുന്നു: ”ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്ന സര്‍ക്കാരാണ് വരേണ്ടത്. പിണറായിയുടെ നേതൃത്വത്തിലുള്ള തുടര്‍ഭരണം വേണം. വെള്ളപ്പൊക്കം, പുതിയ രോഗങ്ങള്‍, ഇതിനെ എല്ലാം അതിജീവിക്കുന്ന നന്മയുള്ള സര്‍ക്കാരാണ് വരേണ്ടത്.” ഹോട്ടലിലെ മറ്റൊരു വീട്ടമ്മ പറഞ്ഞത് ഇങ്ങനെ: ”എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ വരണമെന്നാണ് ആഗ്രഹം. സ്വന്തമായി വീട്, സ്ഥലം എന്നിവ തരുന്ന സര്‍ക്കാരിനൊപ്പം ഞങ്ങള്‍ നില്‍ക്കും.”

”പിണറായി ഭരണത്തില്‍ ആര്‍ക്കും ഭക്ഷണത്തിന് ഒരു ബുദ്ധിമുട്ടുമില്ല. 1600 രൂപ പെന്‍ഷന്‍, കൃഷിക്കാര്‍ക്ക് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നുണ്ട്. നെല്ല് ചീയും മുന്‍പ് എടുക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ച കാലത്ത് നെല്ല് ഇവിടെ പൂത്ത് കിടക്കുകയായിരുന്നു. ഇപ്പോള്‍, കൊയ്ത്ത് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നെല്ല് എടുത്ത് കൊണ്ട് പോകും. കേരളത്തില്‍ തുടര്‍ഭരണം വരും. പെന്‍ഷന്‍ കൃത്യമായ വീടുകളിലെത്തുന്നു. പാവപ്പെട്ടവന്റെ കൂടെ എന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമേ ഉണ്ടാകൂ.”- ഹോട്ടലിനൊപ്പമുള്ള ഷാപ്പിലെത്തിയവര്‍ ഇടതുപക്ഷ ഭരണത്തെക്കുറിച്ച് പറഞ്ഞു.