വാളയാര്‍ കേസിലെ വീഴ്ച: പ്രോസിക്യൂട്ടറെ പുറത്താക്കി
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ താന്‍ ഒപ്പിട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികളെ വെറുതെവിട്ട സംഭവം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ട്. കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള ഊര്‍ജിത നടപടികള്‍ സ്വീകരിച്ച് വരികയാണ്. പ്രതിക്കുവേണ്ടി ഹാജരായ പാലക്കാട് സിഡബ്ല്യുസി ചെയര്‍മാനെയും സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദിവാസിപട്ടിക വര്‍ഗ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ യഥാസമയം പരിളോധിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസിന്റെ അപ്പീലില്‍ വാദത്തിന് മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാല്‍ അനുകൂല നടപടിയാകും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.