വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും; പ്രത്യേക സര്‍ട്ടിഫിക്കറ്റും
തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
പല വിദേശ രാജ്യങ്ങളിലും വാക്സിനേഷൻ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ രജിസ്ട്രേഷനായി ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ ഇവ നൽകിയിട്ടുള്ളവരുടെ സർട്ടിഫിക്കറ്റിൽ അവയാണ് രേഖപ്പെടുത്തുക.
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ 12 മുതൽ 16 ആഴ്ചക്കുള്ളിലാണ് എടുക്കാനാവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 18 വയസ് മുതൽ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉൾപ്പെടുത്തിയിരുന്നു.
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കോ പഠനത്തിനോ ആയി പോകുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പ്രത്യേക ഫോർമാറ്റിൽ നൽകും. ഈ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസറെയാണ് ഈ സർട്ടിഫിക്കറ്റ് നൽകാനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ഇങ്ങനെ പോകുന്നവർക്ക് രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്സിൻ നാല് മുതൽ ആറാഴ്ചയ്ക്കുള്ളിൽ എടുക്കുവാനും കഴിയും. പോർട്ടലിൽ ഇത് രേഖപ്പെടുത്തുവാൻ സാധിക്കാത്തതിനാൽ ജില്ലകൾ ഇത് പ്രത്യേകമായി രേഖപ്പെടുത്തും. ഇങ്ങനെ നൽകുന്ന വാക്സിൻ സംസ്ഥാന സർക്കാർ വാങ്ങിയിട്ടുള്ള വാക്സിൻ സ്റ്റോക്കിൽ നിന്നും നൽകും.
ജില്ലാ അധികാരികൾ വിസ, വിദ്യാർഥികളുടെ അഡ്മിഷൻ രേഖകൾ, ജോലി/ വർക്ക് പെർമിറ്റ് തുടങ്ങിയ രേഖകൾ പരിശോധിച്ച് വേണം വാക്സിൻ നൽകുവാൻ. ഇങ്ങനെ വാക്സിൻ നൽകുമ്പോൾ യാത്ര പോകുന്ന രാജ്യങ്ങളിലെ വാക്സിനേഷൻ പോളിസി കൂടി പരിശോധിച്ച് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ടോ എന്നുകൂടി ഉറപ്പാക്കും.