ഇയാള്‍ പറ്റില്ലെന്നായിരുന്നു ഫോട്ടോ കണ്ട ശേഷം സംവിധായകന്‍ പറഞ്ഞത്; കുവൈത്ത് വിജയന്‍ ആയതിനെ കുറിച്ച് മനോജ് പറയുന്നു
സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തില്‍ കുവൈത്ത് വിജയനായി ജീവിക്കുകയായിരുന്നു മനോജ് കെ.യു. എന്ന പയ്യന്നൂരുകാരന്‍. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന രീതിയിലുള്ള സ്വാഭാവികമായ അഭിനയമായിരുന്നു ചിത്രത്തില്‍ മനോജ് കാഴ്ചവെച്ചത്. കാസ്റ്റിങ് കോള്‍ കണ്ടിട്ടായിരുന്നു ചിത്രത്തിലേക്ക് ഫോട്ടോ അയച്ചതെന്നും എന്നാല്‍ തന്റെ ഫോട്ടോ കണ്ട ശേഷം ഇയാള്‍ പറ്റില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞതെന്നും മനോജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘കാസ്റ്റിങ് കോള്‍ കണ്ടാണ് ഞാനും ഫോട്ടോ അയച്ചുകൊടുത്തത്. ഷേവ് ഒക്കെ ചെയ്ത്, നരയൊക്കെ കറുപ്പിച്ച് നാട്ടുഭാഷയില്‍ പറഞ്ഞാല്‍ ‘നല്ല കുട്ടപ്പനായുള്ള’ ഫോട്ടോയാണ് അയച്ചത്. കാസ്റ്റിങ് ഡയറക്ടര്‍ രാജേഷ് മാധവന്‍ എന്റെ ഫോട്ടോ ഡയറക്ടര്‍ സെന്ന ഹെഗ്ഡേയ്ക്ക് കാണിച്ചുകൊടുത്തു. പക്ഷെ ഇയാള്‍ പറ്റില്ലെന്നാണ് ഫോട്ടോ കണ്ടിട്ട് അന്ന് സംവിധായകന്‍ പറഞ്ഞത്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ എനിക്കൊപ്പം അഭിനയിച്ച രാജേഷ് മാധവനാണ് തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിങ് ഡയറക്ടറും ക്രിയേറ്റീവ് ഡയറക്ടറും. സിനിമയിലേക്ക് എന്നെ പറ്റില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും എന്റെ ഭാഗ്യത്തിന് അദ്ദേഹം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ കണ്ടു.
അതില്‍ ആദ്യത്തെ സീനുകളില്‍ തന്നെ ഞാനുണ്ട്. അതുകണ്ടതോടെ കുവൈത്ത് വിജയന്‍ ഞാനാണെന്ന് സംവിധായകന്‍ ഉറപ്പിച്ചിരുന്നുവെന്നാണ് പിന്നീട് ഞാനറിഞ്ഞത്. അങ്ങനെയാണ് കുവൈത്ത് വിജയന്‍ എന്ന ഭാഗ്യം എനിക്ക് ലഭിച്ചത്,’ മനോജ് പറയുന്നു. പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞതിനുശേഷമാണ് സിനിമയുടെ ഏകദേശ കഥപോലും തനിക്ക് പറഞ്ഞുതന്നതെന്നും അതും ആ കഥാപാത്രം കഥയറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടുമാത്രമായിരുന്നെന്നും മനോജ് പറയുന്നു.
കുവൈത്ത് വിജയന്‍ എങ്ങനെയുള്ള ആളാണെന്ന് മാത്രം ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ഷൂട്ടിനിടെ സംവിധായകന്‍ ചെയ്യാന്‍ പറഞ്ഞത് പോലെ ചെയ്തു, പറഞ്ഞുതന്നത് പോലെ അഭിനയിച്ചു. അവസാനം സിനിമ പുറത്തിറങ്ങുമ്പോഴാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്നും കേന്ദ്രകഥാപാത്രമാണ് ഞാനെന്നും മനസ്സിലാവുന്നത്.
അഭിനേതാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്ന്, അവരുടെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന സംവിധായകനായിരുന്നു സെന്ന ഹെഗ്ഡേ. ഒരിക്കല്‍ പോലും ഒരു ദേഷ്യപ്പെടലോ ചീത്തവിളിയോ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്തെങ്കിലും തെറ്റ് വന്നാല്‍പോലും അത്രയും സമാധാനത്തോടെ പറഞ്ഞുതരും. നമ്മളറിയാതെ നമ്മുടെ ഉള്ളില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടത് പുറത്തെടുക്കും.
അതുപോലെ കൂടെ അഭിനയിച്ചവരെല്ലാം പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് പോയിരുന്നത്. മകള്‍ സുജയായി അഭിനയിച്ച അനഘ ഏഴാം ക്ലാസ് മുതല്‍ എനിക്കറിയുന്ന ആളാണ്. എന്റെ മകളെപ്പോലെ തന്നെയാണ്. മൂത്തമകള്‍ സുരഭി അഥവാ ഉണ്ണിമായയ്ക്കൊപ്പം ഞാന്‍ നാടകം ചെയ്തിട്ടുണ്ട്. ഭാര്യയായി അഭിനയിച്ച അജിഷ എന്റെ നാട്ടുകാരിയാണ്. മരുമകനായി അഭിനയിച്ച സന്തോഷ് ഓട്ടോര്‍ഷയില്‍ ഒന്നിച്ച് അഭിനയിച്ച ആളാണ്. സിനിമയ്ക്ക് മുന്‍പ് നടന്ന വര്‍ക് ഷോപ്പിലൂടെ തന്നെ ഇവരുമായെല്ലാം നല്ല ബന്ധം വളര്‍ത്തിയെടുത്തിരുന്നു. അതുകൊണ്ട് അവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമായിരുന്നില്ല, മനോജ് പറയുന്നു.