എന്റെ പേര് പറഞ്ഞാൽ അറിയാത്തവരില്ല; 18 സിനിമകൾ ചെയ്തിട്ട് കിട്ടാത്ത പോപ്പുലാരിറ്റി ട്രോളുകളിലൂടെ കിട്ടി: ഷീലു!
കൊച്ചി:മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. നിരവധി സിനിമകളിൽ സഹനടി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഷീലു എബ്രഹാം. വീപ്പിങ് ബോയ് എന്ന സിനിമയിലൂടെയാണ് നടിയുടെ സിനിമ അരങ്ങേറ്റം. വ്യവസായിയും നിർമ്മാതാവുമായ എബ്രഹാമാണ് ഷീലുവിന്റെ ഭർത്താവ്. അടുത്തിടെ വീകം എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ഷീലു എബ്രഹാമും നിർമ്മാണ രംഗത്തേക്ക് കടന്നു വന്നിരുന്നു.
2013 മുതലാണ് ഷീലി സിനിമാ രംഗത്ത് സജീവമായത്. കൂടുതലും ഭർത്താവ് നിർമ്മിച്ച ചിത്രങ്ങളിലാണ് ഷീലു അഭിനയിച്ചിരുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും സോഷ്യൽ മീഡിയയിൽ താരം ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ച് സംസാരിക്കുകയാണ് ഷീലു.
ആദ്യം ട്രോളുകൾ കാണുമ്പോൾ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് നടി ഷീലു എബ്രഹാം പറയുന്നത്. എന്നാൽ ഇപ്പോൾ അതിലൂടെ തന്റെ പോപ്പുലാരിറ്റി വർധിച്ചിരിക്കുകയാണ് എന്നാണ് നടി പറയുന്നത്. ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഷീലു എബ്രഹാം ഇക്കാര്യങ്ങൾ പറഞ്ഞത്. വിശദമായി വായിക്കാം.
‘ഈ കമന്റുകളൊക്കെ കാണുമ്പോൾ ആദ്യം കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇപ്പോൾ അവരെന്നെ പോപ്പുലർ ആക്കുന്നതായാണ് തോന്നുന്നത്. കാരണം ഇങ്ങനെയുള്ള കമന്റുകളിലൂടെ ഇപ്പോൾ ഷീലു എബ്രഹാം എന്നു പറഞ്ഞാൽ അറിയാത്തവരില്ല. ഞാൻ 18 സിനിമകൾ ചെയ്തിട്ടും കിട്ടാത്ത പോപ്പുലാരിറ്റി ഇവർ തന്നെ പറഞ്ഞ് ഉണ്ടാക്കുന്നുണ്ട്,’
‘സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രോളുകൾ കണ്ടിട്ടുണ്ട്. ആദ്യം ഒരുപാട് പൊങ്കാലകൾ ഇല്ലായിരുന്നു. കാരണം എന്നെ ആർക്കും അങ്ങനെ അറിയില്ലല്ലോ. ഇപ്പോൾ കുറച്ച് അറിഞ്ഞു തുടങ്ങിയപ്പോൾ അവര് തന്നെ തീരുമാനിച്ച് ഉറപ്പിച്ചു. ഇപ്പോൾ അബാം മൂവീസ് എന്നൊരു ബാനർ കണ്ടാൽ അത് ഷീലു എബ്രഹാമിന് വേണ്ടി നിർമിച്ച സിനിമ എന്ന് അവർ പറയും. നായിക ഞാനായിരിക്കും എന്നതാണ് അവർ പറയുന്നത്. പിന്നെ അതിനെ ബേസ് ചെയ്തു കൊണ്ടുള്ള ട്രോളുകളും,’
ഭർത്താവിന് സിനിമയല്ല താപവും ബിസിനസാണ്. എന്റെ താൽപര്യമാണ് സിനിമ. ആദ്യം ഒന്നും അഭിനയിക്കുന്നതിന് എനിക്ക് അദ്ദേഹം പൈസ തരില്ലായിരുന്നു. പിന്നെ ഞാൻ ചോദിച്ചു. എന്താണ് എനിക്ക് മാത്രം പ്രതിഫലമില്ലെന്ന്. ഇപ്പോൾ എന്റെ അക്കൗണ്ടിലേക്ക് അദ്ദേഹം പൈസ ഇടാറുണ്ടെന്ന് ഷീലു എബ്രഹാം പറഞ്ഞു.
ഭർത്താവിന്റെ എല്ലാ സിനിമകളിലും അഭിനയിക്കാൻ ആണെങ്കിൽ എന്തോരം സിനിമകൾ ഒരു വർഷം തനിക്ക് ചെയ്യാമെന്നും ഷീലു ചോദിച്ചു. അടുത്ത മാസം ഷൂട്ട് തുടങ്ങുന്ന ഒരു സിനിമയുണ്ട്. അതിന്റെ നിർമാണവും ഞാൻ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ അതിൽ ഞാൻ അഭിനയിക്കുന്നില്ല. പുറത്ത് ആളുകൾ പറയുന്നത് എന്റെ ഭർത്താവിന്റെ കയ്യിൽ പണമുണ്ട്. അതുകൊണ്ട് ഭാര്യക്ക് അഭിനയിക്കാൻ കുറച്ച് പടം പിടിക്കുന്നു എന്നാണ്. പക്ഷെ അതൊരു തെറ്റിദ്ധാരണയാണ്.
കാരണം അവർക്ക് ഇതിനെക്കുറിച്ച് അറിയില്ല. ഒരു സിനിമക്ക് വേണ്ടി വെറുതെ കളയാനുള്ള പണമൊന്നുമില്ല. ആ പണം അദ്ദേഹം രാപ്പകലില്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്. ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം അങ്ങനെയാണെങ്കിൽ ഒരു വർഷം എനിക്ക് എത്രയോ സിനിമകൾ ചെയ്യാം.
ഞാൻ അഭിനയിച്ചതിൽ ഏറ്റവും ബിഗ് ബജറ്റ് സിനിമ സോളോയാണ്. ആറ് വർഷം മുമ്പ് ആ സിനിമക്ക് ചിലവാക്കിയത് 12 കോടിയാണ്. ആ സിനിമയിൽ എന്നെ കാണാൻ പോലുമില്ല. അഭിനയിച്ചിട്ടുണ്ടോ എന്നത് നമ്മൾ പറഞ്ഞാൽ മാത്രമെ അറിയുകയുള്ളു. പിന്നെ നമ്മൾ നിർമിച്ച ഒരു സിനിമയും പെട്ടിക്കകത്ത് ഇരുന്നു പോയിട്ടില്ല. എല്ലാം റിലീസ് ചെയ്ത് നഷ്ടമില്ലാതെ പോകുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയാണെന്നും ഷീലു എബ്രഹാം പറഞ്ഞു.