കൊച്ചി: ഒരേ സ്ഥലത്തു രണ്ടു മാസത്തിനകം ഇരുപതിലേറെ തവണ മോഷണം, പ്രതിയെ പിടികൂടാന്‍ കഴിയാതെ വട്ടംകറങ്ങി പോലീസ്. മൂവാറ്റുപുഴയ്ക്കു സമീപം അതിഥി തൊഴിലാളികളുടെ ക്യാമ്പിലാണ് മോഷണ പരമ്പര അരങ്ങേറിയത്. മോഷണ പരമ്പരയിലെ അവസാന മോഷണം നടന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്.
അതിഥി തൊഴിലാളികളാണ് മോഷണ പരമ്പരയ്ക്ക് ഇരയായി മാറിയിരിക്കുന്നത്. സ്വര്‍ണ ചെയിന്‍ അടക്കമുള്ളതു നഷ്ടപ്പെട്ടവരുണ്ട്. അഞ്ചു പേര്‍ക്കു നഷ്ടമായതു മൊബൈല്‍ ഫോണ്‍ ആണ്. തിരുവോണദിനത്തില്‍ പോലും മോഷണം നടന്നു. വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടമായി. അതിഥി തൊഴിലാഴികളുടെ താമസസ്ഥലം തകര്‍ത്തുകയറിയാണ് പണവും മൊബൈല്‍ ഫോണും അടക്കമുള്ളവ തുടര്‍ച്ചയായി കവര്‍ന്നുകൊണ്ടിരിക്കുന്നത്.
മൂവാറ്റുപുഴ – പെരുമ്പാവൂര്‍ മേഖലയില്‍ നിരവധി അതിഥി തൊഴിലാളികള്‍ കുടുംബസമേതം താമസിക്കുന്നുണ്ട്. കേരളത്തിലെ തന്നെ ഇവരുടെ ഏറ്റവും വലിയ താമസകേന്ദ്രമാണ് ഈ മേഖല. ഇടതടവില്ലാതെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കവര്‍ച്ച ഈ കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പകല്‍ പണിക്കുപോകുന്ന സമയങ്ങളിലാണ് മോഷണം നടക്കുന്നതെന്നു കരുതുന്നു.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട പല തൊഴിലാഴികളുടെയും അവസ്ഥ കഷ്ടത്തിലായിരിക്കുകയാണ്. വീട്ടുകാരുമായി പലര്‍ക്കും ബന്ധപ്പെടാനാകുന്നില്ല. അതുപോലെ തന്നെ തൊഴില്‍ ഉടമകള്‍ പലരും മൊബൈല്‍ നമ്പരിലായിരുന്നു ഇവരെ ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ഫോണ്‍ നഷ്ടമായതു തൊഴിലിനെയും ബാധിച്ചിരിക്കുകയാണ്.
അതേസമയം, അതിഥിത്തൊഴിലാളികളുടെ താമസസ്ഥലത്തെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. അതു അകത്തുള്ളവരോ സമീപപ്രദേശങ്ങളില്‍ ഉള്ളവരോ ആകാമെന്നും പോലീസ് പറയുന്നു. ഇരുപതിലേറെ മോഷണം നടത്തിയ സ്ഥിതിക്കു കള്ളന്മാര്‍ ഇനിയും ശ്രമിക്കുമെന്നും അപ്പോള്‍ പിടികൂടാമെന്നുമുള്ള പ്രതീക്ഷയില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.