KeralaNews

‘ന്നാ താൻ കേസ് കൊട്’സിനിമയുടെ സ്പിന്‍ ഓഫ് അറിയിച്ചില്ല,സംവിധായകനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള

കൊച്ചി: സാമ്പത്തിക വിജയത്തിനൊപ്പം നിരൂപക പ്രശംസയും അവാര്‍ഡുകളും നേടിയ ചിത്രമാണ്‘ന്നാ താൻ കേസ് കൊട്’. ചിത്രത്തിലെ കഥപാത്രങ്ങളായ സുരേശനെയും സുമലതയെയും ചേര്‍ത്ത് ചിത്രത്തിന്‍റെ ഒരു സ്പിന്‍ ഓഫും അതിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ടു. ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’എന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണവും മറ്റും പുരോഗമിക്കുകയാണ്. ‘ന്നാ താൻ കേസ് കൊട്’ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. 

എന്നാല്‍ ഈ ചിത്രം സംവിധാനം ചെയ്യുന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ‘ന്നാ താൻ കേസ് കൊട്’ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്‍റെ ആദ്യ ചിത്രം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ നിര്‍മ്മാതാവും സന്തോഷ് ടി കുരുവിളയായിരുന്നു. സില്ലി മോങ്ക് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള തന്‍റെ അതൃപ്തി പരസ്യമാക്കിയത്. 

‘സിനിമ രംഗത്ത് 90 ശതമാനവും നല്ല ഓര്‍മ്മകളാണ്. എന്നാല്‍ ഒരു ചീത്ത ഓര്‍മ്മ ഇപ്പോള്‍ നിലവിലുണ്ട്. ചിലപ്പോള്‍ അത് ചീത്ത ഓര്‍മ്മ ആയിരിക്കില്ല. ഞാന്‍ നിര്‍മ്മിച്ച ‘ന്നാ താൻ കേസ് കൊട്’സിനിമയുടെ സ്പിന്‍ ഓഫ് എന്ന പേരില്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.  രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. പക്ഷെ എന്നോട് അതിനെ പറ്റിയൊരു വാക്ക് പോലും ആരും ചോദിച്ചിട്ടില്ല. സിനിമ എടുത്തോട്ടെ എന്ന്.

ഞാന്‍ പൈസ മുടക്കി എഴുതിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയില്‍ നിന്നും സ്പിന്‍ ഓഫ് ചെയ്യുമ്പോള്‍ എന്നോടിതുവരെ ആ ചിത്രത്തെ പറ്റി സൂചന പോലും തന്നില്ല. അവര്‍ സിനിമ എടുത്തോട്ടെ, താരങ്ങള്‍ അഭിനയിച്ചോട്ടെ, അതിലൊന്നും എനിക്ക് പ്രശ്നമില്ല. കഴിഞ്ഞ ദിവസമാണ് ഞാന്‍ വാര്‍ത്ത് അറിഞ്ഞത്. സത്യ പറഞ്ഞാല്‍ അത് വേദനയായി. 

എനിക്ക് വേദനയുണ്ടെന്ന് വിചാരിച്ച് അവര്‍ക്ക് സിനിമ ചെയ്യാതിരിക്കാന്‍ ആകില്ലല്ലോ. ഒരുപാടുപേര്‍ കേസ് കൊടുക്കാന്‍ പറഞ്ഞു. കേസിന് പോയാല്‍ ഞാന്‍ ജയിക്കുമെന്ന് ഉറപ്പുണ്ട്. പ്രൊഡ്യൂസേര്‍സ് അസോസിയേഷനെ അറിയിക്കാനും, വക്കീലിനെ വയ്ക്കാനും ഒരുപാട് ആളുകള്‍ പറഞ്ഞു. പക്ഷെ ചിത്രത്തിന്‍റെ നിര്‍മാതാവിന്‍റെ പണവും അധ്വാനവും എല്ലാം ആ സിനിമയിലുണ്ട് അതാണ് കേസ് കൊടുക്കാത്തത് – സന്തോഷ് ടി കുരുവിള പറഞ്ഞു. 

അതേ സമയം  രതീഷ് ബാലകൃഷ്ണ പൊതുവാളിന്‍റെ തന്നെ ഏലിയന്‍ അളിയന്‍ എന്ന കഥ താന്‍ റജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും. ഭാവിയില്‍ ഇതും ഇത്തരത്തില്‍ ചെയ്തേക്കാമെന്നും. എന്നാല്‍ അതിന് സമ്മതിക്കില്ലെന്നും സന്തോഷ് ടി കുരുവിള പറയുന്നു. താന്‍ ചിലപ്പോള്‍ ആ ചിത്രം നിര്‍മ്മിച്ചേക്കാം എന്നും സന്തോഷ് പറഞ്ഞു. 

അതേ സമയം  ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിന് രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമ്മാതാക്കൾ. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടി ചായാഗ്രഹണം നിർവഹിക്കുന്നു. രാജേഷ്‌ മാധവനും ചിത്രാ നായരുമാണ് യഥാക്രമം സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോയും വൈറലായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker