NationalNews

ഡല്‍ഹിയില്‍ മഴക്കെടുതി, മരണസംഖ്യ പതിനൊന്ന് ആയി

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മഴക്കെടുതിയിൽ തലസ്ഥാന നഗരിയിലെ മരണസംഖ്യ 11 ആയി. തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. വെള്ളിയാഴ്ച 228.1 മില്ലിമീറ്റർ റേക്കോർഡ് രേഖപ്പെടുത്തിയ മഴയ്ക്ക് ശേഷം കനത്ത മഴയാണ് ശനിയാഴ്ചയും പെയ്തത്. അതിശക്തമായ മഴ മൂലം നഗരത്തിൻ്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. അടിസ്ഥാന സൗകര്യങ്ങൾ പാടെ തകരാറിലായ സാഹചര്യമാണ് രാജ്യതലസ്ഥാനത്ത്.

ശനിയാഴ്ച രാവിലെ പെയ്ത മഴയിലാണ് വസന്ത് വിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ ബേസ്‌മെൻ്റ് തകർന്നത്. മണ്ണിലും വെള്ളത്തിലും കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മരണമാണ് ആ​ദ്യം സ്ഥിരീകരിച്ചത്. ഡൽഹി പൊലീസ്, അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.

രക്ഷാപ്രവർത്തനങ്ങൾക്കിടെ 10 ഉം 12 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ശനിയാഴ്ച സമയ്പൂർ ബദ്‌ലിക്ക് സമീപമുള്ള സിരാസ്പൂരിൽ രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ദക്ഷിണ ഡൽഹിയിലെ ഓഖ്‌ല അടിപ്പാതയിൽ കുമാർ ചൗധരി (60) എന്ന ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലായ അടിപ്പാതയിൽ കുടുങ്ങിയ സ്‌കൂട്ടർ ചൗധരി ഓടിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ നഗരത്തിനു കുറുകെയുള്ള അടിപ്പാതകൾ വെള്ളത്തിനടിയിലായി. വെള്ളിയാഴ്‌ച പെയ്ത കനത്ത മഴയെത്തുടർന്ന് നഗരത്തിലുടനീളമുള്ള ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുളളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തലസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുശേഷമുളള മൂന്ന് ദിവസത്തേക്ക് യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ​ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ട് രൂക്ഷമാകാനും സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടി കിടക്കാൻ സാധ്യതയുളളതിനാൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker