27.1 C
Kottayam
Saturday, April 20, 2024

കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം

Must read

ന്യൂഡൽഹി:യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കിയുള്ള ഉത്തരവിന് കൂടുതൽ സമയം അനുവദിച്ച് കേന്ദ്ര ഉപരിതല മന്ത്രാലയം. ഓഗസ്റ്റ് ഒന്ന് മുതൽ വിൽക്കുന്ന കാറുകളിൽ ഇരട്ട എയർബാഗ് നിർബന്ധമാക്കുമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ, നിലവിലെ കോവിഡ് പ്രതിസന്ധികൾ കണക്കിലെടുത്ത് ഇതിന് ഡിസംബർ 31 വരെ സമയം അനുവദിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുള്ളത്. നാല് മാസമാണ് സമയം നീട്ടി നൽകിയിട്ടുള്ളത്.

പുതുതായി നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങളിൽ ഡ്യുവൽ എയർബാഗ് നിർബന്ധമാക്കണമെന്നാണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതി കമ്മിറ്റി നിർദേശിച്ചിരുന്നത്. വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള സുപ്രധാന ഫീച്ചറാണ് എയർബാഗ് എന്നായിരുന്നു മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സമിതി വളരെ കാലമായി വാഹനങ്ങളിലെ ഡ്യുവൽ എയർബാഗ് എന്ന ആശയം ഉന്നിയിക്കുന്നുണ്ട്.

വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 800 സി.സിയിൽ അധികം എൻജിൻ ശേഷിയുള്ള വാഹനങ്ങളിൽ ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റം (എ.ബി.എസ്) നിർബന്ധമാക്കി ഒരു വർഷം പിന്നിടുന്നതോടെയാണ് എയർബാഗും നിർബന്ധമാക്കാനൊരുങ്ങുന്നത്. 2019 ജൂലൈ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളിൽ പോലും ഡ്രൈവർ സൈഡ് എയർബാഗ് നിർബന്ധമാക്കിയിരുന്നു. ഇതോടെ ബജറ്റ് കാറുകളിൽ പോലും ഡ്യുവൽ എയർബാഗ് ഒരുങ്ങും.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള എ.ഐ.എസ് 145 ഗുണനിലവാരം ഉറപ്പ് വരുത്തിയിട്ടുള്ള എയർബാഗുകളായിരിക്കും വാഹനത്തിൽ നൽകുന്ന രണ്ടെണ്ണവുമെന്നും കേന്ദ്ര സർക്കാർ നിർദേശത്തിലുണ്ട്. വാഹനത്തിന്റെ വില കുറയ്ക്കുന്നതിനും നിർമാണ ചിലവ് കുറയ്ക്കുന്നതിനുമായി എൻട്രി ലെവൽ വാഹനങ്ങളുടെ അടിസ്ഥാന വേരിയന്റിൽ ഡ്രൈവർ സൈഡിൽ മാത്രമായിരുന്നു എയർബാഗ് ഒരുക്കിയിരുന്നത്.

ഇത്തരത്തിലുള്ള വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതും സാധാരണമാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയർബാഗ് നിർബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകൾ. എ.ബി.എസ്-ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകൾക്ക് പുറമെ, സ്പീഡ് അലേർട്ട്, സീറ്റ് ബൈൽറ്റ് റിമൈൻഡർ, റിവേഴ്സ് പാർക്കിങ്ങ് സെൻസർ തുടങ്ങി സുരക്ഷ കാര്യക്ഷമമാക്കുന്നതിനുള്ള ഫീച്ചറുകളും വാഹനത്തിൽ നൽകുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week