KeralaNews

‘5 തവണ ആംബുലൻസ് എത്തിയിട്ടും സൈന്യം അനുവദിച്ചില്ല; ആല്‍ബര്‍ട്ടിന്റെ മൃതദേഹം മാറ്റിയത് 36 മണിക്കൂറിനു ശേഷം’

കണ്ണൂർ: സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം മാറ്റിയത് ഏറെ വൈകിയെന്ന് ദൃക്സാക്ഷി മൊയ്തീൻ. 36 മണിക്കൂറിനു ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. അഞ്ച് ആംബുലൻസ് എത്തിയിട്ടും മൃതദേഹം എടുക്കാൻ സൈന്യം അനുവദിച്ചില്ലെന്നും മൊയ്തീൻ പറഞ്ഞു. വിമാനസർവീസ് തുടങ്ങിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

‘സൈന്യവും ജനങ്ങളും തമ്മിൽ ചില പ്രശ്നങ്ങളൊക്കെ അവിടെ ഉണ്ടാകാറുണ്ട്. അതാകുമെന്നാണ് കരുതിയത്. എന്നാൽ രാവിലെ ജനലിൽ കൂടി നോക്കുമ്പോഴാണ് പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലായത്. റൂമിന്റെ പാസേജിലാണ് ആദ്യം ഇരുന്നിരുന്നത്. എന്നാൽ മകന്റെ ഫോൺ വന്നപ്പോൾ ആൽബർട്ട് ഹാളിലേക്കു പോയി. 

മകനുമായി സംസാരിക്കുന്നതിടെയാണ് ജനലിൽക്കൂടി ബുള്ളറ്റ് ഉള്ളിലേക്ക് വരുന്നത്. നെറ്റിയിൽ ബുള്ളറ്റ് തുളഞ്ഞു കയറി. പെട്ടെന്ന് അഡ്മിൻ മാനേജറെ വിളിച്ച് ആംബുലൻസ് ശരിയാക്കാൻ പറഞ്ഞു. എന്നാൽ നാല്–അഞ്ച് ആംബുലൻസുകൾ വന്നെങ്കിലും മൃതദേഹം എടുക്കാൻ സൈന്യം അനുവദിച്ചില്ല്. മൃതദേഹം അവിടെനിന്ന് എടുക്കാൻ 36 മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. വളരെ കഷ്ടപ്പെട്ടാണ് അവിടെ കഴിഞ്ഞത്. ഫ്ലാറ്റിന്റെ പാർക്കിങ്ങിലാണ് ഇത്രയും ദിവസം കഴിഞ്ഞിരുന്നത്’– മൊയ്തീൻ പറഞ്ഞു. 

ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും വ്യാഴാഴ്ച രാവിലെ നെടുമ്പാശേരി രാജ്യന്തര വിമാനത്താവളത്തിലെത്തി. ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ കുടുംബം വിദേശകാര്യ മന്ത്രാലയം ഏർപ്പാടാക്കിയ പ്രത്യേക കാറിലാണ് കണ്ണൂർ ആലക്കോട്ടെ വീട്ടിലെത്തിയത്. 


അതിനിടെ, ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ഏഴാം സംഘം ജിദ്ദയിലെത്തെയതായി കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു. പോർട്ട് സുഡാനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ സി–130ജെ വിമാനത്തിലാണ് ഇവർ ജിദ്ദയിൽ എത്തിയത്. ഇതോടെ ഓപ്പറേഷൻ കാവേരി വഴി രക്ഷിച്ചവരുടെ എണ്ണം 1,835 ആയി. 

സൗദി പൗരന്മാരെയും മറ്റ് പൗരന്മാരെയും സുഡാനിൽ നിന്ന് ഒഴിപ്പിക്കുന്നത് തുടർന്ന് സൗദി. 2,148 പേരെ സുഡാനിൽ നിന്ന് സുരക്ഷിതമായി ബുധനാഴ്ച ഒഴിപ്പിച്ചു. ഇതിൽ 114 പേർ സൗദികളും 2034 പേർ 62 രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. സുഡാനിൽ നിന്ന് വരുന്ന സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും സ്വീകരിക്കുന്നതിനും അവർക്ക് താമസിക്കാനുള്ള സൗകര്യവും ആഭ്യന്തര മന്ത്രാലയം നൽകുന്നു.

സുഡാനിൽ നിന്ന് സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിക്കാൻ നിർദ്ദേശം നൽകിയത് സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമാണ്. ഇതനുസരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്), ബോർഡർ ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റ്, പബ്ലിക് സെക്യൂരിറ്റി എന്നിവയെ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച നടപടിക്രമങ്ങൾക്ക് അന്തിമരൂപം നൽകിയിരുന്നു.

ജിദ്ദ ഇസ്‌ലാമിക് തുറമുഖത്ത് യാത്രാനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം പ്രവർത്തിക്കുന്നു. ബന്ധപ്പെട്ട സുരക്ഷാമേഖലകളുമായി സംയോജിപ്പിച്ച് ദിവസം മുഴുവൻ അവരുടെ നീക്കങ്ങൾ സുഗമമാക്കാൻ പ്രവർത്തിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker