ലഹരിക്ക് അടിമയായ നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി; ഭയം മൂലം മകനെ വിട്ടില്ലെന്ന് ടിനി ടോം
ആലപ്പുഴ∙ സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.
‘‘സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16–18 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു’’– ടിനി ടോം പറഞ്ഞു.
ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി– ടിനി ടോം പറഞ്ഞു.
കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായി എത്തിയ ടിനി ടോം പ്രമുഖ താരങ്ങളുടെ ശബ്ദം അനുകരിച്ച് സദസ്സിനെ കയ്യിലെടുത്തു.
ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലയിക്കിയത് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗങ്ങളെ കുറിച്ചുളള ചർച്ചകളും സജീവമാണ്. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് വിഷയത്തിൽ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പൊലീസിന്റെയും പക്കലുണ്ടെന്ന് പറയുകയാണ് നടൻ ബാബുരാജ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോൾ ലഹരി നിറയുകയാണെന്നും ബാബുരാജ് പറഞ്ഞു.
“അമ്മയുടെ ഓഫീസിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പറയുന്നത് ഞാനിന്ന ആൾക്ക് വേണ്ടി കൊണ്ട് പോവുകയാണെന്നാണ്. ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ്. ആ വണ്ടി നിർത്തി തുറന്നിരുന്നെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരും. നഗ്നമായ സത്യങ്ങളാണതൊക്കെ.
ആ ഉദ്യോഗസ്ഥൻ ചെയ്യുന്ന ജോലി വെറുതെയായാലോ എന്നു കരുതിയിട്ടാവാം അതെല്ലാം അവിടെവച്ച് നിന്നത്. പണ്ടൊക്കെ കുറച്ച് രഹസ്യമായാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറ ഉണ്ടായിരുന്നു. ഇപ്പോൾ ആ മറ മാറി, പരസ്യമായി ചെയ്യാൻ തുടങ്ങി. അമ്മ സംഘടനയിൽ ആരൊക്കെ ഉപയോഗിക്കുന്നു എന്ന മുഴുവൻ ലിസ്റ്റുമുണ്ട്. വ്യക്തികൾക്ക് എന്തും ചെയ്യാം. നിങ്ങൾ നിങ്ങളുടെ ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടമുള്ളത് ചെയ്യാം. നമുക്ക് നിമയവിരുദ്ധമായ പല കാര്യങ്ങളും പല രാജ്യങ്ങളിലും ലീഗൽ ആണ്. ജോലിക്ക് വിളിക്കുമ്പോൾ ഫോണെടുക്കൂ. ഇതാണ് നിർമാതാക്കൾ പറഞ്ഞത്”, എന്ന് ബാബുരാജ് പറഞ്ഞു.
എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ബാബുരാജിന്‍റെ പ്രതികരണം. ഏപ്രിൽ 25ന് ആയിരുന്നു ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമാ സംഘടനകൾ വിലക്കിയത്. പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിട്ടുണ്ട്. കലൂരിൽ അമ്മയുടെ ആസ്ഥാനത്ത് എത്തിയാണ് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയത്. ഷെയിന്‍ ആദ്യമെ തന്നെ സംഘടനയില്‍ അംഗമാണ്.