CricketKeralaNewsSports

‘കൂടുതലൊന്നും ചെയ്യാനില്ലാതായി’: ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോർ, സകലതും പാളി സഞ്ജു

ജയ്പുർ: ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ ഏറ്റവും മോശം പരാജയം ഏറ്റുവാങ്ങിയപ്പോൾ സഞ്ജുവും കൂട്ടരും ഇന്നലെ ഇല്ലാതാക്കിയത് പ്ലേ ഓഫിലേക്കു കടക്കാനുള്ള സുവർണാവസരമാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഉൾപ്പെടെ രാജസ്ഥാന്റെ സകല അടവുകളും ഇന്നലെ പാളി.

ഈ സീസൺ ഐപിഎലിലെ ചെറിയ രണ്ടാമത്തെ ടീം സ്കോറാണ് രാജസ്ഥാൻ ഇന്നലെ നേടിയ 118 റൺസ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് നേടിയ 108 റൺസാണ് സീസണിലെ ഏറ്റവും ചെറിയ ടീം സ്കോർ.

ഇന്നലത്തെ പിഴവുകള്‍ ഇനിയുള്ള മത്സരങ്ങളിൽ‌ ആവർത്തിച്ചാൽ ഒരുപക്ഷേ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാർ ഇത്തവണ ഗ്രൂപ്പു ഘട്ടത്തിൽ തന്നെ മടങ്ങേണ്ടി വരും. ഈ സീസണിൽ രണ്ടു തവണ പോയന്റു പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ടീമിന് അത് വലിയ നാണക്കേടാകും സമ്മാനിക്കുക. 

മികച്ച മത്സരം പുറത്തെടുക്കാൻ കഴി‍ഞ്ഞില്ലെന്നാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ പറഞ്ഞത്. അടുത്ത മത്സരങ്ങളിൽ ഈ പിഴവുകളെല്ലാം മറികടന്ന് തിരിച്ചുവരുമെന്ന ഉറപ്പും നൽകി. ‘ വളരെ കഠിനമായ മത്സരമായിരുന്നു. ഞങ്ങൾക്ക് മികച്ചൊരു തുടക്കം ലഭിച്ചില്ല. സ്പിന്നർമാർക്കു മുന്നിൽ കിതച്ചു പോയി. അവരുടെ ബൗളർമാർ മികച്ച ലൈനിലും ലെങ്‌തിലും പന്തെറിയുകയും മധ്യ ഓവറുകളിൽ നിർണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. അങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനില്ലാതാകും. 

ഞങ്ങൾക്ക് ഞങ്ങളുടെ മത്സരം വിലയിരുത്തേണ്ടതുണ്ട്. മികച്ച പ്രകടനമാണോ പുറത്തെടുക്കുന്നതെന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. അടുത്ത ആഴ്ചകളിൽ നിർണായക മത്സരങ്ങളാണ് വരാനിരിക്കുന്നത്. അതിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിജയിക്കാൻ കാത്തിരിക്കുന്നു.’– എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. 

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ഗുജറാത്ത് ടൈറ്റൻസിന്റെ സർവാധിപത്യം കണ്ട മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഹാർദിക് പാണ്ഡ്യയും സംഘവും നേടിയത് 9 വിക്കറ്റ് ജയമാണ്. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ രാജസ്ഥാൻ മധ്യനിരയെ ചുരുട്ടിക്കെട്ടിയതാണ് മത്സരത്തിൽ നിർണായകമായത്. ഇന്നലത്തെ വിജയത്തോടെ 14 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഗുജറാത്ത് പ്ലേ ഓഫിലേക്കുള്ള പ്രതീക്ഷകളും ഉയർത്തി. എന്നാൽ 10 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തുള്ള രാജസ്ഥാൻ പ്ലേ ഓഫിലേക്ക് കടക്കാൻ‌ നന്നായി വിയർക്കേണ്ടി വരും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker