KeralaNews

പ്രായമായ സ്ത്രീകൾ ഫേസ് ബുക്കിൽ ഫോട്ടോ ഇടുന്നത് ചെറുപ്പക്കാരേ സംഘടിപ്പിക്കാനോ? തുറന്നെഴുതി തനൂജ ഭട്ടതിരിപ്പാട്

കൊച്ചി: സമൂഹമാധ്യമങ്ങളിൽ പതിവായി ചിത്രങ്ങളിടുന്ന മുതിർന്ന സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാട്.

പോസ്റ്റിൻ്റെ പൂർണ്ണരൂപമിങ്ങനെ

നാല്പത് വയസ്സെങ്കിലും മിനിമം കഴിഞ്ഞ, എഫ്ബിയിൽ ഫോട്ടോസ് സ്ഥിരമായി ഇടാറുള്ള സ്ത്രീകൾ വായിക്കാൻ.

കൂട്ടുകാരേ,

എന്റെ ചില കൂട്ടുകാർ ഇവിടെ ഫോട്ടോസ് ഇട്ടപ്പോഴുണ്ടായ അനുഭവങ്ങളൊക്കെ എഴുതിയത് വായിച്ചിരുന്നു.

സ്ഥിരമായി ധാരാളം ഫോട്ടോകൾ ഇടാറുള്ള ആളാണ് ഞാൻ എന്നു ഇവിടെയുള്ള എന്റെ കൂട്ടുകാർക്കറിയാം.

അതിന്റെ അനുഭവത്തിൽ ചില കാര്യങ്ങൾ ഞാനും പറയുന്നു.

സ്ത്രീകൾ ഫോട്ടോ ഇടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

നമ്മൾ ഒരു യുദ്ധത്തിലുമാണ്. വിവേചനത്തിനെതിരെയുള്ള യുദ്ധം.

പുരുഷന്മാർ എന്ത് ചെയ്താലും ആർക്കും ഒരു പ്രശ്നവുമില്ല !ചെറുപ്പക്കാരികൾ ഫോട്ടോസ് ഇട്ടാലും ഒരു പരിധിവരെ സഹിക്കും.

വീട്ടമ്മമാർ, പ്രതേകിച്ചു ഇരുത്തം വന്ന സ്ത്രീകൾ, അതായത് പ്രായം ഏറിയ സ്ത്രീകൾ, ഫോട്ടോകൾ ഇടുന്നത് എന്തിനു വേണ്ടിയിട്ടാണ്??
ആരെ ആകർഷിക്കാനാണ് അവർ ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന ഫോട്ടോകൾ ഇടുന്നത്. ?

കണ്ണ് എഴുതി ലിപ്സ്റ്റിക് ഇട്ട് ഒരുങ്ങി ചമഞ്ഞ് ഇവർ ഫോട്ടോ ഇടുന്നത് എന്ത് മോശമാണ്!

പ്രായമായാൽ പ്രായമായെന്ന് സമതിക്കണം! ചെറുപ്പക്കാരിയാണെന്നാണ് ഭാവം!

ഫോട്ടോ എഡിറ്റ് ചെയ്യുന്നതാണ്, അല്ലാതെ ഈ വയസ്സിൽ ഇങ്ങനെയിരിക്കില്ലല്ലോ!

സത്യം,പറഞ്ഞാൽ ഇവറ്റകളെ കാണാനൊന്നും ഒരു ഭംഗീമില്ല ചുമ്മാ മേക്കപ്പാണ് !

പ്രായമായ കോപ്ലക്സ് കൊണ്ട് ചെറുപ്പക്കാരിയാവാൻ ശ്രമിച്ച് ഫോട്ടോ ഇടുന്നതാണ്.

വല്ല ചെറുപ്പക്കാരേം സംഘടിപ്പിക്കാനാണ് പുറപ്പാട്.

തള്ളച്ചി, തള്ള, എന്നൊക്കെയെ ഇവരെയൊക്കെ കുറിച്ച് മറ്റുള്ളവരോട് പറയാവൂ.
അമ്മുമ്മ വല്യമ്മ ഈ പേരൊക്കെയാ ചേരുക!

കൊച്ചു പിള്ളേരെ പോലെ ശൃംഗരിക്കും !

ഇങനെ സംസാരം നീളും!

കൂട്ടുകാരേ,

നിങൾ എന്ത് സുന്ദരിയാ…എന്ത് ചെറുപ്പമായിരിക്കുന്നു എന്ന് കുറച്ചു പേർ പറഞ്ഞാൽ അതിഷ്ടപ്പെട്ടോളൂ, പക്ഷേ പൂർണമായി വിശ്വസിക്കണ്ട !

എന്തെന്നാൽ കാലം എന്നത് കാലം തന്നെയാണ്. സമയം എന്നത് സമയവും. ചെറുപ്പം പോലെ തോന്നാം. പക്ഷേ അവിടെ ‘പോലെ’യുണ്ട്.

മനസ്സും ശരീരവും വൃത്തിയായി ഭംഗിയായി സൂക്ഷിക്കുന്ന ആർക്കും ഭംഗിയുണ്ടാവും.

പലപ്പോഴും സ്ത്രീകൾ തന്നെയാണ് ഇത്തരം വിമർശനങൾ പറയുക.

ചെറുപ്പക്കാരോട് ഇടപെട്ടാൽ ഇപ്പോൾ അവർക്ക് ചെറുപ്പക്കാരിലാണ് കമ്പം എന്നു പറയും.

പ്രായമായവരോട് സൗഹൃദമുണ്ടായാൽ മൂത്തുനരച്ച വരെയാണിഷ്ടം എന്നു പറയും.

ഇനി സ്ത്രീകൾ ആണ് കൂട്ടുകാർ എങ്കിൽ സംശയമില്ല ലെസ്ബിയൻ തന്നെ.

ഇങ്ങനെ ലൈംഗീകത എന്ന തൊഴുത്തിൽ ഓരോ സ്വതന്ത്ര സ്ത്രീയെയും കെട്ടാതെ പുരുഷാധിപത്യ സമൂഹത്തിന് സമാധാനമുണ്ടാകില്ല.

ഫോട്ടോകൾ നിരന്തരം ഇടുന്നതെന്തിനാണ്? മടുക്കില്ലേ?

ഇല്ല, എനിക്ക് മടുക്കാത്ത ഒരു കാര്യം എന്റെ മുഖമാണ്.

എന്റെ മുഖം, എന്റെ ഫോൺ, എന്റെ ക്യാമറ, എന്റെ ടൈം ലൈൻ.

സീരിയസായിരിക്കേണ്ടയാളല്ലേ? ഫോട്ടോ??

സീരായസാവേണ്ട സമയം, കൃത്യമായി സീരിയസാവാൻ അറിയാം!!

ഒന്നുമില്ലെങ്കിൽ ഇടക്കിടക്ക് ഭർത്താവിന്റെയും മക്കളുടെയും ഉൾപ്പെടെ കുടുംബ ഫോട്ടോകൾ ഇട്ടൂടെ ?

ഇതിനുമറുപടി ചുള്ളിക്കാടൻ ഉത്തരം.

കുടുംബ ഫോട്ടോ കണ്ടില്ലേൽ ആസ്ത്രീയുടെ ജീവിതത്തെക്കുറിച്ച് കുറച്ചേറെ പറയാനുണ്ട് ചിലർക്ക്.

തള്ളച്ചിയാണ്, ഒരു പക്ഷേ ഓഞ്ഞ തള്ളമാർ!

പക്ഷേ ഈ പ്രായത്തിൽ, ഈ ആറ്റിറ്റൂഡിൽ കുറച്ചു പേർ ഇവിടെയുള്ളത് കൊണ്ട് ഇങ്ങനെയൊക്കെ കളിയാക്കുന്ന കുറേ പേർക്ക് ആറ്റിറ്റ്യൂഡ് നിലനിർത്താൻ ഒരു പ്രചോദനമാവും, അത് പോരെ ?

ശരിക്കും പറഞ്ഞാൽ തള്ള എന്നും അമ്മച്ചി എന്നും കെളവി എന്നും ഒക്കെ കേൾക്കുമ്പോഴാണ് എന്നിലെ യുവത്വം തിളക്കുന്നത്.

എന്ന് ഫോട്ടോകൾ ഇടണ്ട എന്ന് നമ്മൾ തീരുമാനിക്കുന്നുവോ അന്ന് വരെ നമ്മൾ ഫോട്ടോ ഇടും.

എന്ന് ഇടണ്ട എന്നു തോന്നുന്നു , അന്ന് ഏത് കൊലക്കൊമ്പത്തി/കൊലക്കൊമ്പൻ വന്നു പറഞ്ഞാലും നമ്മൾ ഇടില്ല

നമ്മുടെ മുഖം, നമ്മുടെ സ്ഥലം, നമ്മുടെ രാഷ്ട്രീയം, നമ്മുടെ ശരി. ഓക്കെയല്ലേ കൂട്ടുകാരേ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker