സ്‌കൂള്‍ ഫീസടക്കാതെ ക്ലാസില്‍ കയറരുതെന്ന് അധികൃതര്‍ പറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ഹൈദരാബാദ്: സ്‌കൂള്‍ ഫീസ് അടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. ഫീസ് അടയ്ക്കാതെ ക്ലാസില്‍ കയറരുതെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ. കൂലിത്തൊഴിലാളികലായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ലോക്ക് ഡൗണ്‍ വന്നതോടുകൂടി വരുമാനം നിലച്ചു. ഇതോടെ കുടുംബത്തിന്റെ നില പരുങ്ങലിലായി.
ഇതേ തുടര്‍ന്ന് 37,000 രൂപയോളം തുക സ്‌കൂള്‍ ഫീസ് അടക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും 15,000 രൂപ സ്‌കൂള്‍ ഫീസായി അടച്ചിരുന്നുവെന്നും 20നകം ബാക്കി തുക അടക്കാമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഫീസ് അടക്കാത്തതിനാല്‍ പെണ്‍കുട്ടിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായും പിതാവ് ആരോപിച്ചു. കൂടാതെ അധ്യാപകര്‍ തന്നെ വിളിച്ച് പണം നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം മകള്‍ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചിരുന്നു. അധ്യാപികയോട് ആശുപത്രിയില്‍ പോയിരിക്കുകയാണെന്ന് പറയണമെന്നായിരുന്നു മകളുടെ നിര്‍ദേശം. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.