27.3 C
Kottayam
Friday, April 19, 2024

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

Must read

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിലെ വെള്ളം 138 അടിയെത്തിയാൽ സ്പിൽവേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ഇന്ന് നടന്ന ഉന്നതതല സമിതി യോഗത്തിൽ തമിഴ്നാട് സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗം സംബന്ധിച്ച് വിശദീകരിക്കുന്നതിന് നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018ൽ സുപ്രീം കോടതി നിർദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാൾ മോശം അവസ്ഥയാണ് ഇപ്പോൾ. കേരളത്തിൽ തുലാവർഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week