27.4 C
Kottayam
Friday, April 26, 2024

കോവാക്സിന് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ 24 മണിക്കൂറില്‍ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന

Must read

ജനീവ: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം 24 മണിക്കൂറിനുള്ളിൽ ഉണ്ടാവുമെന്ന് അടുത്തവൃത്തങ്ങൾ. എല്ലാം ശരിയായി നടന്നാൽ, ലോകാരോഗ്യ സംഘടനാ സമിതിക്ക് പരിശോധനയിൽ കാര്യങ്ങൾ തൃപ്തികരമാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ അംഗീകാരം സംബന്ധിച്ച തീരുമാനം അറിയാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യസംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.

കോവാക്സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് ചർച്ചകൾക്കായി സാങ്കേതിക ഉപദേശ സമിതി ഒക്ടോബർ 26ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ നേരത്തെ ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി കഴിഞ്ഞ മാസം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കോവാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനൽ കൂടുതൽ വിശദീകരണം തേടിയതിനാലാണ് തീരുമാനം വൈകിയത്. കോവാക്സിന്റെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.

കോവാക്സിൻ സംബന്ധിച്ച് അധിക വിവരങ്ങൾ അതിന്റെ നിർമാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. കോവാക്സിന്റെ അംഗീകാരത്തിനായി നിരവധി പേർ കാത്തിരിക്കുന്നുണ്ട്.

എന്നാൽ അതത് പ്രക്രിയകളും പരിശോധനകളും കഴിയാതെ, വാക്സിൻ സുരക്ഷിതമാണെന്ന് വിലയിരുത്താതെ അംഗീകാരം നൽകാൻ കഴിയില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.കോവാക്സിൻ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അംഗീകാരമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week