ഒമിക്രോണിന് ഡെല്‍റ്റയ്ക്കെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനം
കേപ് ടൗണ്‍: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തിനെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുന്നുവെന്ന് കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞര്‍.
നിലവില്‍ പഠനം ഒരു ചെറിയ കൂട്ടം ആളുകളില്‍ മാത്രമേ നടത്തിയിട്ടുള്ളുവെന്നും ഗവേഷകര്‍ അറിയിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ച വാക്‌സിനേഷന്‍ എടുത്തതും എടുക്കാത്തതുമായ 33 പേരെയാണ് വിശകലനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഇതില്‍ വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് ഡെല്‍റ്റയെ പ്രതിരോധിക്കാനുള്ള ശേഷി കൂടിയതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറഞ്ഞു.
വിശകലനത്തിന്റെ ആദ്യ 14 ദിവസത്തിന് ശേഷം ഡെല്‍റ്റയെ നിര്‍വീര്യമാക്കാനുള്ള പ്രതിരോധ ശേഷിയില്‍ 4.4 മടങ്ങ് വര്‍ധനവുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. അതുകൊണ്ട് ഒമിക്രോണ്‍ ബാധിച്ച വ്യക്തികള്‍ക്ക് ഡെല്‍റ്റ വീണ്ടും ബാധിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് ഇവര്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പഠനമനുസരിച്ച് ഒമിക്രോണിന് ഡെല്‍റ്റയെ ഇല്ലാതാക്കാനുള്ള കഴിവുണ്ടെന്നും ഇത് കോവിഡിന്റെ ഭീകരാവസ്ഥ കുറച്ചുകൊണ്ട് രോഗതീവ്രത വലിയതോതില്‍ കുറയ്ക്കാന്‍ സഹായിക്കുമന്നും ദക്ഷിണാഫ്രിക്കയിലെ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ അലക്‌സ് സിഗാള്‍ പറഞ്ഞു.
ഡെല്‍റ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ ഒമിക്രോണ്‍ ബാധിച്ച ആളുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന നിരക്കും മരണസാധ്യതയും കുറവാണെന്ന് നേരത്തെ ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞമാര്‍ കണ്ടെത്തിയിരുന്നു. ഒമിക്രോണ്‍ വകഭേദം ലോകത്ത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ്.