ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ചിത്രമെത്തുക ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍
ലുസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ റിലിസ് ചെയ്തു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, പൃഥ്വിരാജ്, ലാലു അലക്സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
ചിത്രത്തിന്റെ സബ്ടൈറ്റില്‍ ചെയ്യുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. ആശിര്‍വാദ് പ്രൊഡക്ഷന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത് എ.ന്‍ ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലുസിഫറിലും ദീപക് ദേവ് ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.
കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്. ലുസിഫറിന്റെ വലിയ വിജയത്തിന് ശേഷം അതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ആയതുകൊണ്ട് തന്നെ ബ്രോ ഡാഡിക്ക് കാത്തിരിക്കുകയാണ് ആരാധകര്‍.
ലുസിഫറിനെ പോലെ ഗൗരവമുള്ള വിഷയമല്ല മറിച്ച് ഞാന്‍ ഏറ്റവും കുടുതല്‍ ആസ്വദിച്ച്, ചിരിച്ച് കേട്ട കഥയാണ് ബ്രോ ഡാഡി എന്നായിരുന്നു പൃഥ്വിരാജ് ചിത്രത്തെ പറ്റി പറഞ്ഞത്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രം ഓ.റ്റി.റ്റി റീലീസ് ആകുമെന്ന് നേരത്തെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു.