ഒടിയൻ തിരിച്ചെത്തി; മോഷണം പോയ പ്രതിമ തിരിച്ചുകിട്ടയതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ, വീഡിയോ
കള്ളൻ മോഷ്ടിച്ചുകൊണ്ടുപോയ ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ പ്രതിമ തിരികെയെത്തിച്ചു. സിനിമയുടെ സംവിധായകൻ വി എ ശ്രീകുമാറാണ് ഈ വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. പ്രതിമ എടുത്ത് കൊണ്ടുപോയ ആരാധകൻ അത് ഒരു വണ്ടിക്കാരനെ ഏൽപ്പിച്ചുവെന്നാണ് സംവിധായകൻ അറിയിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വി എ ശ്രീകുമാറിന്റെ പാലക്കാടുള്ള ഓഫീസിനു മുന്നിൽ വച്ചിരുന്ന രണ്ട് ഒടിയൻ ശിൽപങ്ങളിൽ ഒന്ന് കാണാതെ പോയത്. ശിൽപം താൻ കട്ടതാണെന്ന് ശ്രീകുമാറിനോട് ഒരാൾ ഫോണിലൂടെ പറയുകയും ചെയ്തിരുന്നു. ഇതിന്റെ സിസിടിവി വീഡിയോയും കള്ളന്റെ സംഭാഷണവും അദ്ദേഹം സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരുന്നു.
പോസ്റ്റിന്റെ പൂർണ രൂപം
ഇതിനിടയിൽ ഒരു കാര്യം സംഭവിച്ചു. പോയ ഒടിയൻ പാലക്കാട്ടെ Push 360 ഓഫീസിൽ ഒരു തള്ളു വണ്ടിയിൽ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകൻ തന്നെ അതൊരു വണ്ടിക്കാരനെ ഏൽപ്പിച്ചു മടക്കി തന്നു.
വീഡിയോയിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണേ… ദൃശ്യത്തിൽ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ട് എടുത്തു കൊണ്ടു പോയ ശേഷം മടക്കി തന്ന ആ ആരാധകനല്ല.
എഡിറ്റിംഗും മ്യൂസിക്കും ഓഫീസിലെ രസികന്മാർ. നന്ദി, പ്രിയ ആരാധകന്… മടക്കി തന്ന സ്നേഹത്തിന്…