FeaturedKeralaNews

ഷോപ്പിങ് മാളുകൾ ബുധനാഴ്ച മുതൽ തുറക്കും, തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം

തിരുവനന്തപുരം:നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ സർക്കാർ അനുമതി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. ബുധനാഴ്ച മുതലാണ് കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക.

കര്‍ക്കിടക വാവിന് കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍ തന്നെ പിതൃതര്‍പ്പണച്ചടങ്ങുകള്‍ നടത്തണം. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്ന് മേലധികാരികള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം (കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ) ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പു വരുത്തേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സീനേഷൻ യജ്ഞം

സംസ്ഥാനത്ത് ആഗസത് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തും. ഇതിന്‍റെ ഭാഗമായി പൊതുവില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ഈ
യജ്ഞത്തിന്‍റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വാക്സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സിന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.

ഇതു കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്സിനുകളില്‍ നിന്നും ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താവുന്നതാണ്. ഇതിനുള്ള സൗകര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരുക്കാവുന്നതാണ്. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.

മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വാക്സിനേഷന്‍ ആഗസ്ത് പതിനഞ്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും. അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ആദ്യ ഡോസ്സാണ് പൂര്‍ത്തീകരിക്കുക. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ചെന്നാണ് വാക്സിന്‍ നല്‍കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker