ഷെയിൻ നിഗത്തിനൊപ്പം മാത്രമേ അഭിനയിക്കൂ! ആർഡിഎക്സ് സംവിധായകനും ചോദിച്ചു; മഹിമ നമ്പ്യാർ
കൊച്ചി:സമീപകാലത്ത് മലയാളി പ്രേക്ഷകർ ആഘോഷമാക്കിയ ചിത്രമാണ് ആർഡിഎക്സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഓണം റിലീസായി എത്തിയ ചിത്രം സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആര്‍ഡിഎക്സിൽ നായികയായെത്തിയത് മഹിമ നമ്പ്യാരാണ്. ദിലീപ് ചിത്രമായ കാര്യസ്ഥനിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മഹിമയുടെ നായികയായുള്ള ആദ്യത്തെ മലയാള ചിത്രവുമാണ് ആർഡിഎക്സ്.
സിനിമയിലൂടെ വലിയ ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ് മഹിമ നമ്പ്യാർ. തമിഴകത്ത് അറിയപ്പെടുന്ന നായികയായി തിളങ്ങി നിൽക്കുന്ന മഹിമയ്ക്ക് ആദ്യമായാണ് മലയാളത്തിൽ ഇത്രയും നല്ലൊരു വേഷം ലഭിക്കുന്നത്. മമ്മൂട്ടി നായകനായ മാസ്റ്റർ പീസ്, മധുര രാജ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മഹിമ പ്രേക്ഷക ശ്രദ്ധനേടുന്നത് ആർഡിഎക്‌സിലൂടെയാണ്.
ചിത്രത്തിൽ ഷെയിൻ നിഗമിന്റെ നായിക വേഷത്തിലാണ് മഹിമ അഭിനയിച്ചിരിക്കുന്നത്. ഇവർ ഒന്നിച്ചുള്ള കോമ്പിനേഷൻ സീനുകളും പാട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും കയ്യടി നേടുകയാണ്. ഇതിനിടെ ഇപ്പോഴിതാ ഷെയിനിന്റെ നായികയായി മാത്രമേ താൻ അഭിനയിക്കൂ എന്നൊരു ഗോസിപ്പ് സിനിമ മേഖലയിൽ ഉണ്ടെന്ന് തുറന്നു പറയുകയാണ് മഹിമ നമ്പ്യാർ. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം പറഞ്ഞത്. പലരും തന്നോട് ഇത് ചോദിച്ചെന്ന് മഹിമ പറയുന്നു.
‘അടുത്തിടെ മലയാളത്തിൽ ആർഡിഎക്സ് എന്നൊരു സിനിമ ചെയ്തിരുന്നു. ഷെയിൻ നിഗം ആണ് ചിത്രത്തിലെ നായകൻ. ആ സിനിമയ്ക്ക് ശേഷം ഒരുപാട് നിർമാതാക്കളിൽ നിന്നും എനിക്ക് ഓഫറുകൾ വന്നിരുന്നു. അതിൽ ഒന്ന് രണ്ടു സിനിമകൾ ഞാൻ വേണ്ടെന്ന് വെച്ചു. എനിക്ക് ആ കഥാപാത്രങ്ങൾ അത്ര ക്ലിക്ക് ആകാത്തതിനാലാണ് വേണ്ടെന്ന് വെച്ചത്. അതിനു ശേഷം മൂന്ന് നാല് പേർ എന്നെ വിളിച്ച് ഷെയിനിന്റെ കൂടെ മാത്രമേ അഭിനയിക്കുകയുള്ളോ എന്ന് ചോദിച്ചു’,
‘ആർഡിഎക്സിന്റെ സംവിധായാകാൻ പോലും എന്നെ വിളിച്ചു ചോദിച്ചു. അദ്ദേഹത്തോട് ആളുകൾ ഇക്കാര്യം ചോദിക്കുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെയൊന്നുമില്ല. ആളുകൾ വെറുതെ ഓരോന്ന് പറഞ്ഞ് ഉണ്ടാക്കുന്നതാണെന്ന് ഞാൻ പറഞ്ഞു’, മഹിമ നമ്പ്യാർ പറഞ്ഞു. സിനിമാ മേഖലയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും നടി അഭിമുഖത്തിൽ സംസാരിച്ചു.
‘സിനിമയായിരുന്നു എന്റെ സ്വപ്നം. എന്നാൽ എനിക്ക് സിനിമാ ബാക്ഗ്രൗണ്ടോ, സിനിമയിൽ അറിയുന്ന ആളുകളോ ആരും ഉണ്ടായിരുന്നില്ല. അത് മാത്രമല്ല കേരളത്തിൽ മലബാർ സൈഡിൽ നിന്നുമാണ് ഞാൻ വരുന്നത്. അവിടെ നിന്ന് സിനിമയിൽ എത്തിയവർ വളരെ കുറവാണ്. അതുകൊണ്ട് തന്നെ എവിടെ പോണമെന്നോ, ആരെ കാണണമെന്നോ അറിയില്ലായിരുന്നു. എന്നാൽ നമ്മൾ ഒരു കാര്യം വല്ലാതെ ആഗ്രഹിച്ചാൽ അത് നടക്കുമെന്ന് പറയുന്നത് പോലെ അപ്രതീക്ഷിതമായിട്ടാണെങ്കിലും ഞാൻ സിനിമയിലേക്കെത്തി’, മഹിമ പറഞ്ഞു.
മലയാളത്തേക്കാൾ തമിഴ് സിനിമയാണ് തനിക്ക് പ്രിയപ്പെട്ടതെന്നും മഹിമ പറയുകയുണ്ടായി. ‘ഞാൻ ഒരു നായികയായി അരങ്ങേറുന്നത് തമിഴിലാണ്. അത് കണ്ടാണ് മലയാളത്തിൽ എന്നെ നായികയായി വിളിക്കുന്നത് പോലും. ആദ്യം അഭിനയിച്ചത് മലയാളത്തിലാണ്. നായകന്റെ അനിയത്തി ആയിട്ടാണ്. എന്നാൽ അതിലൊരു നല്ല ഡയലോഗ് ഉണ്ടായിരുന്നില്ല. പിന്നീട് തമിഴിൽ അഭിനയിച്ച ശേഷമാണ് മലയാളത്തിൽ മമ്മൂട്ടി സാറിനൊപ്പമുള്ള സിനിമകളൊക്കെ ലഭിക്കുന്നത്. അവിടെ ഉള്ളവർ പോലും ഞാനൊരു തമിഴ് പെൺകുട്ടി ആണെന്നാണ് കരുതുന്നത്’, മഹിമ നമ്പ്യാർ അഭിമുഖത്തിൽ പറഞ്ഞു.