KeralaNews

‘ഈ അസുഖമുള്ളവര്‍ക്ക് സെക്‌സ് പറ്റുമോ’ എന്നായിരുന്നു അയാളുടെ ചോദ്യം: ബോഡി ഷെയ്മിംഗിന് ഇരയായതിനെക്കുറിച്ച് സന്ധ്യ

തടി കൂടിയാലും കുറഞ്ഞാലും ബോഡി ഷെയ്മിംഗിന് ഇരകളാകേണ്ടി വരുന്നവര്‍ നിരവധിയാണ്. മെലിഞ്ഞ നായകനെയും തടിച്ച നായികയെയും അംഗീകരിച്ചു തുടങ്ങാന്‍ വളരെ വൈകിയ നമ്മളില്‍ പലരും ഒരാളെ കാണുമ്പോള്‍ ‘അയ്യോ, ഇതെന്തു പറ്റി മെലിഞ്ഞുപോയല്ലോ’ എന്നൊക്കെ അന്വേഷിക്കാറുണ്ട്. സൗന്ദര്യം ശരീരത്തിലാണെന്ന തരത്തില്‍ ശരീരത്തിലെ വളവുതിരുവുകളെ ചൂണ്ടിക്കാട്ടി അപഹസിക്കുന്നത് വര്‍ദ്ധിച്ചുവരുകയാണ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ചിത്രങ്ങള്‍ക്ക് താഴെ സഭ്യതയ്ക്ക് നിരക്കാത്ത രീതിയിലുള്ള കമന്റുകള്‍ പലപ്പോഴും വരാറുണ്ട്. അത്തരം ചില പരിഹാസങ്ങള്‍ നേരിടേണ്ടിവന്നതിനെക്കുറിച്ച് മോഡല്‍ കൂടിയായ സന്ധ്യ രാധാകൃഷ്ണന്‍ തുറന്നു പറയുന്നു.

‘തമ്പാനൂര്‍ ഭാഗത്ത് ഈയിടെയായി കൊതുകു ശല്യം കൂടുതലാണല്ലോ’ എന്നൊരു ഫേസ്ബുക്ക് പോസ്റ്റ് കാണുന്നു. ‘ശരിയാണ് കൊതുകു ശല്യം കാരണം തമ്പാനൂര്‍ വഴി ബസില്‍ യാത്ര ചെയ്യുക പോലും പ്രയാസമാണ്’ എന്ന് കമന്റിട്ടു. ഈ വാക്കുകള്‍ക്കു കിട്ടിയ മറുകമന്റ് ഇങ്ങനെയായിരുന്നു.’ചേച്ചിയെ എങ്ങനെ കൊതുകു കടിക്കാനാണ്. കുത്തിയാല്‍ കൊതുകിന് കിട്ടാന്‍ എന്തെങ്കിലും വേണ്ടേ.’

ഇങ്ങനെ ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായ അപമാനം വല്ലാതെ വിഷമിപ്പിച്ചു. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം ഇത് ബോഡി ഷെയ്മിങ് ആണ് എന്ന കുറിപ്പ് ഫെയ്‌സ്ബുക്കില്‍ ഞാന്‍ പോസ്റ്റ് ചെയ്തു. തമാശരൂപത്തില്‍ പറഞ്ഞാലും ബോഡി ഷെയ്മിങ് അല്ലാതാകുന്നില്ല എന്ന് ഞാന്‍ വ്യക്തമാക്കി. അതിനെ ഭൂരിഭാഗം പേരും എതിര്‍ക്കുകയാണ് അന്ന് ചെയ്തത്. ‘തമാശയായി എടുക്കണം’ എന്നായിരുന്നു പലരും പറഞ്ഞത്. ഒരുപാടുപേര്‍ ഫെയ്‌സ്ബുക്കില്‍ അണ്‍ഫോളോ ചെയ്തു പോയി.’- ബോഡി ഷെയ്മിങ് ഇന്നും ഉയരുന്നതിനെക്കുറിച്ചു സന്ധ്യ പറയുന്നു.

‘ഞാന്‍ മെലിഞ്ഞിരിക്കുന്നത് അള്‍സറേറ്റീവ് കൊളൈറ്റിസ് എന്ന അസുഖം മൂലമാണ്. അതിനെക്കുറിച്ച് വിശദീകരിക്കെ ഒരാള്‍ ചോദിച്ചത് ‘ഈ അസുഖമുള്ളവര്‍ക്ക് സെക്‌സ് പറ്റുമോ’ എന്നായിരുന്നു, ‘ചികിത്സയുണ്ടോ, അസുഖത്തിന് കുറവുണ്ടോ’ എന്നൊന്നും ഇവര്‍ക്ക് അറിയേണ്ടതില്ല. ‘മോഡലിങ്ങിന് അവസരം തരാം, അഡ്ജസ്റ്റ് ചെയ്യുമോ’ എന്ന് ചോദിച്ചയാള്‍ക്കെതിരേ ഞാന്‍ കേസ് കൊടുത്തു. എന്നാല്‍, ‘നിന്നെപ്പോലുള്ളവരോടും ഇതൊക്കെ ചോദിക്കാന്‍ ആളുണ്ടോ’ എന്നായിരുന്നു ഒരാള്‍ കേട്ടപ്പോള്‍ പറഞ്ഞതെന്നും സന്ധ്യ പറയുന്നു.

ഒരു വ്യക്തിയെ കാണുമ്‌ബോള്‍ മെലിഞ്ഞു പോയല്ലോ, തടിവച്ചല്ലോ എന്നൊക്കെ പറയുന്നതിന് പകരം. എന്തൊക്കെയുണ്ട് വിശേഷം, സുഖമല്ലേ എന്നൊക്കെ ചോദിക്കാന്‍ നമ്മളിനി എന്നാണ് പഠിക്കുക ‘ സന്ധ്യ ചോദിക്കുന്നു. കൂടെ ജോലി ചെയ്യുന്ന ആള്‍ വിവാഹം ആലോചിച്ചു. എന്നാല്‍, കല്യാണത്തോട് അടുത്തപ്പോള്‍, മെലിഞ്ഞിരിക്കുന്ന കുട്ടിയെ വേണ്ട എന്നായി വീട്ടുകാര്‍. കല്യാണം മുടങ്ങിയത് എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. മെലിഞ്ഞിരിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാനായി പല ആശുപത്രികളിലും പോയി. ഫലമുണ്ടായില്ല. മനസിലെ വിഷാദം മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ക്കും അകല്‍ച്ചയ്ക്കും വഴി വച്ചു. വീട്ടുകാരോട് പോലും അകന്നു.

ഈ സമയത്ത് പൊക്കവും വണ്ണവും പ്രശ്‌നമല്ലാത്ത വരനെ വേണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ വിവാഹ സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തു. സുമനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. ആ സൗഹൃദ കാലത്ത്, വയറ്റില്‍ നിന്ന് രക്തസ്രാവമുണ്ടായി. കാന്‍സറായിരിക്കുമോ എന്ന ചിന്ത ഉയര്‍ന്നതോടെ പരിശോധനയുടെ റിസല്‍റ്റ് വന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നു സുമനോട് പറഞ്ഞു. ‘ആശുപത്രിയില്‍ പോയി പരിശോധിക്കൂ’ എന്നു മാത്രമാണ് സുമന്‍ പറഞ്ഞത്.

കുടലിന്റെ മൂന്നു പാളികളില്‍ ഒരു പാളിയെ ബാധിക്കുന്ന അള്‍സറൈറ്റീവ് കൊളൈറ്റിസ് എന്ന രോഗമാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. തുടക്കത്തിലൊന്നും രോഗം സൂചനകള്‍ തരില്ല. രോഗം കൂടുതല്‍ ഭാഗത്തേക്ക് പടരാതെ ആജീവനാന്തം മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുകയാണ് ഏക പോംവഴി. മെലിഞ്ഞിരിക്കുന്നതിനും കാരണം ഇതാണ് എന്നു മനസ്സിലായി. വിവാഹത്തില്‍ നിന്നു പിന്മാറും എന്നു കരുതിയെങ്കിലും സുമന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. വിവാഹശേഷം തിരുവനന്തപുരത്തു നിന്ന് കൊടുങ്ങല്ലൂരെത്തി. സുമന്‍ ഏറെ ശ്രദ്ധയോടെയാണ് എന്റെ കാര്യങ്ങള്‍ നോക്കുന്നത്. സ്‌നേഹമുള്ള ഒരാളെ കൂട്ടു കിട്ടിയതാണ് എന്റെ രോഗത്തെ കുറച്ചതും വിജയത്തിലേക്ക് നയിച്ചതും.’-സന്ധ്യ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker