പമ്പയില്‍ ജലനിരപ്പുയര്‍ന്നു,ഇന്ന് ശബരിമല തീര്‍ത്ഥാടനം നിരോധിച്ചു
പത്തനംതിട്ട: ശനിയാഴ്ച (20-11-2021) ശബരിമല (Sabarimala) തീർത്ഥാടനം നിരോധിച്ചു. പമ്പാ ത്രിവേണിയിൽ വെള്ളം കയറിയതിനാലും പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉള്ളതിനാലും അപകടസാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം. ബുക്ക് ചെയ്ത് ശബരിമലയിലേക്ക് പുറപ്പെട്ടവർ അതാത് സ്ഥലങ്ങളിൽ തുടരണമെന്നാണ് നിർദ്ദേശം.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയേക്കും. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ശബരിമല തീർഥാടകർ പമ്പാ നദിയിൽ ഇറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് റിസർവോയറിലെ ജലനിരപ്പ് 983.95 മീറ്ററാണ്. ആറ് മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽ വേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചു. രാത്രി 9 മണിക്കാണ് കെ എസ് ഇ ബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എവിടെയും യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഇല്ലെങ്കിലും ജാഗ്രത തുടരണം. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. മലയോര മേഖലകളിലും വനമേഖലകളിലും കൂടുതൽ മഴ കിട്ടും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.