കൊച്ചിയില്‍ കനത്ത മഴ ,ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡ് തകര്‍ന്ന് വാഹനങ്ങള്‍ മണ്ണിനടിയില്‍
കൊച്ചി: എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയില്‍ അകപ്പെട്ടു. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു വീണത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല.
കൊച്ചിയില്‍ ഇന്നലെ രാത്രി മുതല്‍ പെയ്ത മഴ ഇതുവരെ തോര്‍ന്നിട്ടില്ല. കടുത്ത വെള്ളക്കെട്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്. പനമ്പള്ളിനഗര്‍, പാലാരിവട്ടം, പള്ളുരുത്തി, എം.ജി റോഡ്, തമ്മനം, ചിറ്റൂര്‍ റോഡ്, കമ്മട്ടിപ്പാടം അടക്കം നഗരത്തിലെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും വെള്ളത്തിലായി.
പി ആന്‍ഡി ടി കോളനിയിലെ 87 വീടകള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി. ഇവരെ മാറ്റി താമസിപ്പിക്കാന്‍ പോലീസും തഹസില്‍ദാരും എത്തിയെങ്കിലും നാട്ടുകാര്‍ അധികൃതരോട് സഹകരിച്ചില്ല. നിരവധി വര്‍ഷങ്ങളായി തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ താത്കാലികമായി മാറ്റിത്താമസിക്കുന്നതിന് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണയും അതിന് യാതൊരു മാറ്റവുമുണ്ടായില്ലെന്നും കോളനിവാസികള്‍ പറയുന്നു.