മോദിയ്ക്ക് സമ്പദ്‌വ്യവസ്ഥയെ കുറിച്ച് വലിയ ധാരണയില്ലെന്ന് രാഹുല്‍ ഗാന്ധി
ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്വ്യവസ്ഥയെക്കുറിച്ച് വലിയ ധാരണയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യാന്തരതലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നശിപ്പിച്ചതായും രാഹുല്‍ ആരോപിച്ചു. രാജസ്ഥാനിലെ ജയ്പുരില്‍ പൗരത്വ നിയമത്തിനെതിരായ യുവ ആക്രോശ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ ഭരണകാലത്ത് ഇന്ത്യയുടെ വളര്‍ച്ച് ഒന്‍പത് ശതമാനമായിരുന്നു. ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് നോക്കിയിരുന്നു. വ്യത്യസ്തമായ അളവുകോലുകള്‍ ഉപയോഗിച്ച് നിങ്ങള്‍ അളക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച് അഞ്ച് ശതമാനമുണ്ട്.
എന്നാല്‍ പഴയ അളവുകോലുകള്‍ ഉപയോഗിച്ചാല്‍ ഇന്ത്യയുടെ വളര്‍ച്ച 2.5 ശതമാനം മാത്രമാണ്. ഒരു പക്ഷേ പ്രധാനമന്ത്രി സമ്പദ്വ്യവസ്ഥയെക്കുറിച്ച് പഠിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ലായിരിക്കാമെന്നും രാഹുല്‍ പരിഹസിച്ചു. ജിഎസ്ടി എന്താണെന്നുപോലും മോദിക്ക് മനസിലായിട്ടില്ല. നോട്ട് നിരോധനവുമായി മുന്നോട്ടുപോകുന്നവര്‍ ഒരു എട്ടു വയസുകാരനോട് ചോദിക്കുക, അവന്‍ പറയും നോട്ട് നിരോധനം നന്മയേക്കാള്‍ ഉപദ്രവമാണ് ചെയ്തതെന്ന്- രാഹുല്‍ പറഞ്ഞു. ഇന്ത്യയെ ഇപ്പോള്‍ മാനഭംഗങ്ങളുടെ തലസ്ഥാനമായാണ് ആളുകള്‍ കാണുന്നത്. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. തങ്ങളുടെ പ്രതിച്ഛായ മോശം ആകുന്നതിനെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും പ്രധാനമന്ത്രിയോട് ചോദിച്ചാല്‍ അവര്‍ നിങ്ങളെ ഉന്നംവയ്ക്കും, നിങ്ങള്‍ക്കു നേരെ അവര്‍ നിറയൊഴിക്കും- രാഹുല്‍ പറഞ്ഞു.