പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു, ഇംഗിതത്തിന് വഴങ്ങാതായപ്പോള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കി; നൃത്തസംവിധായകനെതിരെ പരാതിയുമായി യുവതി
മുംബൈ: പ്രശസ്ത നൃത്തസംവിധായകനായ ഗണേഷ് ആചാര്യ പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചുവെന്നും ഇംഗിതത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് സിനിമയില്‍നിന്ന് ഒഴിവാക്കിയതായും നൃത്തസംവിധായിക രംഗത്ത്. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അംബോളി പോലീസ് സ്റ്റേഷനിലുമായാണ് 33കാരിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ‘ഇന്ത്യന്‍ ഫിലിം&ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി ഗണേഷ് ആചാര്യ അപമാനിച്ചുവെന്ന് കാട്ടി 33കാരിയായ വനിതാ കൊറിയോഗ്രാഫര്‍ വനിതാ കമ്മീഷനിലും അംബോളി പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നു. സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതായും പോണ്‍ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു’.
സ്ത്രീകളെ ശല്യപ്പെടുത്തുന്നതിന് കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ ആരോപണം നേരിടുന്നത് ഇതാദ്യമല്ല. 2008 ല്‍ ഹോണ്‍ ഓകെ പ്ലീസസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ ദത്ത ആരോപിച്ചിരുന്നു. ഒരു ഗാനരംഗത്തിനിടെ പ്രത്യേകമായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്നെ സമീപിച്ചിരുന്നുവെന്നായിരുന്നു ആരോപണം. അന്ന് ആ ചിത്രത്തിന്റെ കൊറിയോഗ്രാഫറായിരുന്ന ഗണേഷ് ആചാര്യയ്‌ക്കെതിരെയും തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ രാകേഷ് സാരംഗും നിര്‍മാതാവ് സമി സിദ്ദിഖും ഇവരുടെ ചെയ്തികള്‍ കണ്ടുനിന്നതല്ലാതെ പ്രതികരിച്ചില്ലെന്നും അന്ന് തനുശ്രീ ദത്ത ആരോപിച്ചിരുന്നു.