ന്യൂഡൽഹി: ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. 10 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 20 പേർ മരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ റസ്റ്ററന്റി’ലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഒട്ടേറെപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.50-ഓടെയാണ് ഒന്നിലേറെ നിലകളുള്ള ലെമൺ ഗ്രീൻ റസ്റ്ററന്റിൽ തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. അതേസമയം, 9.45-ഓടെയാണ് തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതരും പറഞ്ഞു. വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ സർവീസിന്റെ കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപ്പിടത്തത്തിൻെറ കാരണം വ്യക്തമല്ല.
റസ്റ്ററന്റിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റനിലയിൽ കണ്ടെത്തിയ മറ്റുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫയർ സർവീസ് അധികൃതർ പറഞ്ഞു.
തീപ്പിടത്തത്തിൽ മരിച്ചവരിൽ മിക്കവരും വിദേശികളാണെന്ന വിവരങ്ങളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ മിക്കവരും ദക്ഷിണാഫ്രിക്കൻ സ്വദേശികളാണെന്ന് ആംആദ്മി പാർട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിനിടെ, വിദേശികളായ സ്ത്രീകളടക്കമുള്ളവർ തീപ്പിടത്തമുണ്ടായ റസ്റ്ററന്റ് കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
English Summary
The death toll is feared to have risen following a massive fire at the ‘Lemon Green Restaurant’ in South Delhi’s Malviya Nagar on Wednesday morning. While officials have formally confirmed 10 deaths, national media outlet India Today reported that the toll has touched 20. Several others sustained severe burn injuries and have been hospitalized. According to sources, the fire broke out in the multi-story restaurant around 8:50 AM, though the Delhi Fire Service received the alert at 9:45 AM. Fire tenders from the Nehru Place station and additional units rushed to the spot, bringing the flames under control after hours of operation. The exact cause of the fire remains unknown.


