മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട്; ഉദ്യേഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
റായ്പുര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ സംഭവം വിവാദത്തില്‍. സംസ്ഥാന സര്‍ക്കാറിന്റെ ഹെലികോപ്ടറായ ‘എ.ഡബ്ല്യൂ 109 പവര്‍ എലൈറ്റില്‍’ ആണ് ഫോട്ടോഷൂട്ട് നടന്നത്. കഴിഞ്ഞമാസം 20നാണ് ചിത്രീകരണം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഫോട്ടോകള്‍ പ്രചരിച്ചത്.
അതേസമയം, ഫോട്ടോഷൂട്ടിന് അനുമതി നല്‍കിയയാളെ സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഡ്രൈവറായ യോഗേശ്വര്‍ സായാണ് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടത്. ഇയാളുടെ സുഹൃത്തിനുവേണ്ടിയാണ് ഹെലികോപ്റ്ററില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയത്.
സംഭവത്തില്‍ ഏവിയേഷന്‍ വകുപ്പ് അന്വേഷണവും പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഹെലികോപ്റ്ററില്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ഇത്തരത്തില്‍ വീഴ്ച സംഭവിച്ചത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അറിയിച്ചു.