നേപ്പാളില്‍ മരിച്ച മലയാളികളുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു; മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കാന്‍ നടപടി
കാഠ്മണ്ഡു: നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ഇന്ത്യയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ നടപടികളും കൈക്കൊണ്ടയായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39) ഭാര്യ ശരണ്യ (34) രഞ്ജിത് കുമാര്‍ (39) ഇന്ദു രഞ്ജിത് (34) കുട്ടികളായ ശ്രീഭദ്ര (9)അബിനബ് (9) അബി നായര്‍ (7) വൈഷ്ണവ് രഞ്ജിത്ത് (2) എന്നിവരാണ് മരിച്ചത്.
രാവിലെ ഒന്‍പതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്നാണ് അപകടം. അതേസമയം, ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടര്‍ന്നു വരികയാണ്. രാത്രി തണുപ്പകറ്റാന്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഇന്നലെ രാത്രിയായിരുന്നു ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്.