വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടു
മലപ്പുറം: സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ടു. മലപ്പുറം അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നാളെ നടക്കുന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുക്കുന്നതിനായി ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. ഓട്ടോയില്‍ കയറി ഗസ്റ്റ് ഹൗസിലേക്ക് വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറുകയായിരിന്നു.
സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും വേണ്ടി വന്നാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഷാഹിദ പറഞ്ഞു. വളരെ മോശമായ അനുഭവമാണുണ്ടായത്. ഓട്ടോയില്‍ നിന്ന് ഇറക്കി വിടാനുള്ള ശ്രമം ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായി. തന്റെ നേരെ ആക്രോശിക്കുകയും ചെയ്തു. ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോഴാണ് ഗസ്റ്റ് ഹൗസിലെത്തിച്ചത്. ഓട്ടോയുടെയും ഡ്രൈവറുടെയും ഫോട്ടോ കയ്യിലുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
പിന്നീട് ഗസ്റ്റ് ഹൗസിലെ ജീവനക്കാരടക്കം സമാനമായ അനുഭവം തന്നോട് പങ്കുവച്ചു. രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ട്. പെരിന്തല്‍മണ്ണ സിഐ നാളെ നടക്കുന്ന സിറ്റിംഗില്‍ ഹാജരായി സംഭവത്തില്‍ വിശദീകരണം നല്‍കും. സംഭവത്തില്‍ നടപടി ഉണ്ടാവേണ്ടത് തന്റെ സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്നും വനിതാ കമ്മീഷന്‍ അംഗം.