KeralaNews

‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’ പരാമർശം;ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്

കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകളെ ‘അഴിഞ്ഞാട്ടക്കാരി’ എന്നു സ്വകാര്യ ചാനലിൽ പരസ്യ പ്രസ്താവന നടത്തിയ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. നടക്കാവ് പൊലീസാണ് കേസെടുത്തത്. ‘നിസ’ അധ്യക്ഷ വി.പി. സുഹറ നൽകിയ പരാതിയിലാണ് കേസ്.

മതസ്പർധ സൃഷ്ടിച്ചു, മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി 295 എ, 298 വകുപ്പുകൾ പ്രകാരമാണ് കേസ്. ദിവസങ്ങൾക്കു മുൻപാണ് പരാതി നൽകിയതെങ്കിലും ഇപ്പോഴാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാർ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോലാണ് ഉമർ ഫൈസി മുക്കം വിവാദ പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെ, തട്ടമിടാത്ത സ്ത്രീകളെ അപമാനിച്ച ഉമ്മർ ഫൈസിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വി.പി. സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് പരാതി നൽകി. 

ഇസ്‌ലാമിനെയും മുസ്‌ലിം വിശ്വാസികളെയും മുസ്‌ലിം സ്ത്രീകളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് ഉമർ ഫൈസി നടത്തിയതെന്നു പരാതിയിൽ പറഞ്ഞിരുന്നു.

സമസ്ത നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധം പ്രകടിപ്പിച്ച്, നല്ലളം ഗവ. ഹൈസ്കൂളിൽ നടന്ന കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പരിപാടിക്കിടെ പ്രസംഗത്തിനിടയിൽ വി.പി.സുഹറ തട്ടം മാറ്റിയിരുന്നു. ഇതേ തുടർന്ന് വേദിയിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഇവർക്കെതിരെ പ്രതിഷേധിക്കുകയും വിമർശിക്കുകയും ചെയ്തു.

ഇതോടെ കുടുംബശ്രീ അംഗങ്ങളും സുഹറയ്ക്കെതിരെ പ്രതിഷേധിച്ചതോടെ പരിപാടിയിൽനിന്ന് അവർക്കു പിൻമാറേണ്ടി വന്നു. തുടർന്ന് പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദിനെതിരെ അവർ നല്ലളം പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker