32.8 C
Kottayam
Friday, March 29, 2024

പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് പലപ്പോഴായി പണം തട്ടിയ പോലീസുകാരന്‍ ഒടുവില്‍ കുടുങ്ങി

Must read

ഷൊര്‍ണൂര്‍: ഇല്ലാത്ത പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് നിരന്തരം പണം തട്ടിയ പോലീസുകാരന്‍ പിടിയില്‍. ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കരുനാഗപ്പള്ളി പൂതന്‍തറ കല്ലാശ്ശേരി എ.വിനോദ് (46) ആണ് വിജിലന്‍സിന്റെ പിടിയിലായത്. 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇടനിലക്കാരനായ മുണ്ടായ മമ്മള്ളിക്കുന്നത്ത് സുബി എന്ന ഉണ്ണിക്കൃഷ്ണനെയും (36) അറസ്റ്റ് ചെയ്തു.

വാടാനാംകുറുശ്ശി സ്വദേശി ബിനോയിയുടെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയതും വിനോദിനെയും ഉണ്ണികൃഷ്ണനെയും കയ്യോടെ പിടികൂടിയതും. കഴിഞ്ഞ മാസം ഷൊര്‍ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്‌സോ കേസില്‍ ബിനോയിയെ സംശയിക്കുന്നതായി അറിയിച്ച ശേഷം കേസില്‍ നിന്നു തലയൂരാന്‍ പലപ്പോഴായി പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിഐയും എസ്‌ഐയും ബിനോയിയെ സംശയിക്കുന്നതായി പറഞ്ഞായിരുന്നു വിനോദും സുബിയും സമീപിച്ചത്. ഇതോടെ പരിഭ്രാന്തനായ യുവാവിനെ വിരട്ടിയ വിനോദും സുബിയും കാര്യങ്ങള്‍ പറഞ്ഞു കേസില്‍ നിന്നൊഴിവാക്കി കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം 20000 രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീടതു 10,000 ആക്കി. മൂന്നു തവണയായി ബിനോയി വിനോദിന് 6000 രൂപ നല്‍കി.

ഡിവൈഎസ്പി ഓഫീസ് പരിസരത്തെ ലോട്ടറി വില്‍പനശാലയില്‍വച്ചാണു തുക കൈമാറിയത്. ഇവിടത്തെ ജീവനക്കാരനാണ് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍. തനിക്കു കേസുമായി ബന്ധമില്ലെന്നും ഇനി നല്‍കാന്‍ പണമില്ലെന്നും പറഞ്ഞെങ്കിലും വിനോദും സുബിയും വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിനോയി വിജിലന്‍സിനെ സമീപിച്ചു. തുടര്‍ന്ന് ബിനോയി 4000 രൂപ കൈമാറുന്നതിനിടെ ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘമെത്തി വിനോദിനേയും ഉണ്ണിക്കൃഷ്ണനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week