അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; ആ സ്ത്രീ ഒരു പാവമെന്ന് നാട്ടുകാർ, അച്ഛന്റെ പകയാണ് പിന്നിലെന്ന് ഇളയകുട്ടി
തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. അമ്മ മകനെ പീഡിപ്പിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും റിപ്പോർട്ട്. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ തന്റെ സഹോദരനെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് ഇളയകുട്ടി വെളിപ്പെടുത്തി
ആരോപണവിധേയയായ സ്ത്രീ ഇപ്പോൾ റിമാൻഡിലാണ്. 37 വയസുകാരിയായ യുവതി അത്തരത്തിലൊരു സ്ത്രീയല്ലെന്നും അവർ നിരപരധിയാണെന്നും യുവതിയുടെ നാട്ടുകാരും പറയുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യമാണ് കള്ളക്കേസിനു പിന്നിലെന്ന് കുറ്റാരോപിതയുടെ മാതാപിതാക്കളും പരാതിപ്പെട്ടു.
മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു. സഹോദരനെ കൊണ്ട് പിതാവ് കള്ളം പറയിപ്പിച്ചതാണെന്ന് യുവതികൊപ്പമുള്ള ഇളയകുട്ടി പറയുന്നു.
പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനത്തെ തുടർന്ന് മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇവർ. ഇതിനിടയിൽ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. മൂന്ന് കുട്ടികളെയും ഇയാൾ ഒപ്പം കൂട്ടി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് അമ്മയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ചതിനെതിരെയും ജീവനാംശം ആവശ്യപ്പെട്ടും യുവതി ഭർത്താവിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് ഭർത്താവിനെന്നാണ് ആക്ഷേപം.