മലപ്പുറം: കേരളാ ബാങ്കിന്റെ ഡയറക്ടർ ബോർഡ് സ്ഥാനം ഒരു തുടർച്ചയാണെന്നും ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് അബ്ദുൾ ഹമീദ് എംഎൽഎ അഭിപ്രായം ചോദിച്ചിരുന്നുവെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സംസ്ഥാന സർക്കാർ ഇക്കാര്യം ആരോടും ചോദിച്ചിട്ടില്ല.
പാണക്കാട് സാദിക്കലി തങ്ങൾ അനുവാദം നൽകിയിരുന്നു. യുഡിഎഫിന് വിരുദ്ധമായ നയം ഒരിക്കലും ലീഗ് എടുക്കില്ലെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിൽ ഉള്ള ആരൊക്കെ സർക്കാർ സംവിധാനത്തിൽ ഏതൊക്കെ ബോർഡിൽ ഉണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
ഈ വിഷയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പിടിവാശി ഒന്നും ഇല്ല. കേസിന്റെ ഘട്ടത്തിൽ അബ്ദുൾ ഹമീദ് എംഎൽഎയും യുഡിഎഫിന്റെ കൂടെ നിൽക്കും. പരിചയ സമ്പന്നനായ ഒരാൾ തുടർന്നോട്ടെ എന്ന സമീപനം മാത്രമാണ് ലീഗ് എടുത്തത്.
മുസ്ലിം ലീഗിനുള്ളിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. പത്രങ്ങൾക്ക് പരസ്യം നൽകിയത് മൂലമാണ് ചന്ദ്രികയിൽ മുഖ്യമന്ത്രിയുടെ ലേഖനം വന്നത്.
മുഖ്യമന്ത്രിയുടെ പ്രസ്താവന നൽകുക എന്നത് പത്ര ധർമ്മം ആണ്. പിണറായിയുടെ ലേഖനത്തിന് താഴെ നവകേരള സദസിനെ വിമർശിച്ചുള്ള മറ്റൊരു ലേഖനവുമുണ്ട്. അതാരും കണ്ടില്ലെന്നും പി എം എ സലാം പറഞ്ഞു.