പെട്രോൾ-ഡീസൽ വില ഇന്നും കൂടി, ഇന്നത്തെ വർദ്ധനവ് ഇങ്ങനെ
കൊച്ചി : രാജ്യത്ത് ഇന്ധനവില (oil price)ഇന്നും കൂടി.പെട്രോള്‍ (petrol)ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഡീസലിന്(diesel) 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്.
ഒരാഴ്ച പൂർത്തിയാകുന്നതിനിടെ ആറ് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ അർധരാത്രിയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വർധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിർബന്ധിക്കാൻ ഇത് കാരണമാകും.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും രാജ്യത്തെ റീടെയ്ൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്തത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇൻവെസ്റ്റർ സർവീസിന്റെ കണക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.