27.8 C
Kottayam
Thursday, April 18, 2024

പെട്രോള്‍ വില 110 രൂപ കടന്നു,ഇന്ത്യയില്‍ ചോദിയ്ക്കാനും പറയാനും ആളില്ല,ഫ്രാന്‍സില്‍ ജനം തെരുവില്‍,സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Must read

കൊച്ചി:ഇന്ധനവില ഇന്നും കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്.ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2018 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്.ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 84.97 ഡോളറാണ്.ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.

പെട്രോള്‍-ഡീസല്‍ വില റോക്കറ്റുപോലെ മുകളിലേക്കു കുതിക്കുമ്പോഴും കൈയും കെട്ടി കേന്ദ്രസര്‍ക്കാര്‍. യാതൊരുവിധ ആശ്വാസ നടപടികളും സ്വീകരിക്കാനുള്ള താത്പര്യം കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നില്ല. മാത്രമല്ല വില വര്‍ധിക്കുന്നതിന്റെ പേരില്‍ കൂട്ടിനിര്‍ത്തിയിരിക്കുന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും പെട്രോളിയം മന്ത്രാലയം സൂചന നല്‍കി.

ഇന്ധന നികുതി കുറച്ചതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇന്ധനവില വര്‍ധിക്കാന്‍ കാരണം എണ്ണ ഉത്പാദകരായ ഒപെക് പ്ലസ് രാജങ്ങള്‍ ഉത്പാദനം കൂട്ടാത്തതും ക്രൂഡോയില്‍ വിലക്കയറ്റവുമാണ് വില വര്‍ധിക്കാന്‍ കാരണം. വൈകാതെ ഈ സ്ഥിതി മാറുന്‌പോള്‍ ഇന്ധനവില താഴുമെന്നുമാണ് കേന്ദ്രം പറയുന്നത്. അതുവരെ കാത്തിരിക്കുക എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്.

രാജ്യത്തെ ഇന്ധനവില അതിവേഗം 120 രൂപയിലേക്കു നീങ്ങുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറില്‍ ഇന്നലെ പെട്രോള്‍ വില 39 പൈസകൂടി വര്‍ധിച്ച്119.73 രൂപയായി. ഇന്ത്യയില്‍ ഇന്ധനവില ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലമാണ് ശ്രീഗംഗാ നഗര്‍.

അന്താരാഷ്ട്ര തലത്തില്‍ ഇന്ധനവില കൂടുന്നതുകൊണ്ടാണ് ഇവിടെയും കൂടുന്നതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം ജനവഞ്ചനയാണെന്ന ആരോപണമാണ് പ്രതിപക്ഷം അടക്കം ഉയര്‍ത്തുന്നത്. കാരണം അന്താരാഷ്ട്ര വിലയില്‍ വന്‍ ഇടിവ് ഉണ്ടായപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ നികുതി കൂട്ടിക്കൊണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ എന്നാല്‍ വില വര്‍ധനയുണ്ടായപ്പോള്‍ കൂട്ടിയ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

ഇന്ധനവില രൂക്ഷമായി ഉയര്‍ന്നതോടെ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം. ഇതിനെ തുടര്‍ന്ന് മാസ വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. 2000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 100 യൂറോ സഹായമാണ് ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് ഫ്രാന്‍സില്‍ 1.62 യൂറോയാണ് വില. ഇന്ത്യന്‍ രൂപയില്‍ 141 രൂപ വരും. ഡീസലിന് ലിറ്ററിന് 136 രൂപയ്ക്ക് അടുത്തുവരും ഫ്രാന്‍സിലെ വില. ഇന്ധന നികുതി വര്‍ദ്ധനവാണ് വിലകയറ്റത്തിന് കാരണം എന്നതാണ് ജനങ്ങളുടെ രോഷത്തിന് കാരണം. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ ഇന്ധന നികുതി 60 ശതമാനം കൂട്ടി. എന്നാല്‍ വില വര്‍ദ്ധനവ് സാധാരണക്കാരെ ബാധിച്ചതോടെയാണ് സഹായധനം പ്രഖ്യാപിച്ചത്.

ഒറ്റത്തവണയാണ് 100 യൂറോ സഹായം. ഇന്ത്യന്‍ രൂപയില്‍ എണ്ണായിരം രൂപ വരും. വാഹനമില്ലാത്തവര്‍ക്കും സഹായം ലഭിക്കും. കുടുംബ വരുമാനം പരിഗണിക്കാതെ വ്യക്തിയുടെ വരുമാനം പരിഗണിച്ചാണ് ധനസഹായം നല്‍കുക എന്നാണ് ഫ്രഞ്ച് ഗവണ്‍മെന്റ് അറിയിക്കുന്നത്.

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിസംബറിലും, സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ജനുവരിയിലും സഹായധനം വിതരണം ചെയ്യും. 3.8 ബില്ല്യണ്‍ യൂറോയാണ് ഇതിനായി ഫ്രഞ്ച് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ ഇന്ധനവില ഉയരുന്നു എന്ന യഥാര്‍ത്ഥ പ്രശ്‌നം ഈ സഹായധനത്താല്‍ മാറില്ലെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍ പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒപ്പം തന്നെ പെട്രോള്‍ ഡീസല്‍ സ്റ്റേഷനുകള്‍ ഉപരോധിച്ചും സമരം നടന്നിരുന്നു. അടുത്ത് തന്നെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനരോഷം തണുപ്പിക്കാനാണ് സര്‍ക്കാര്‍ സഹായധനത്തിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week