25.4 C
Kottayam
Thursday, April 25, 2024

ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയം,വെങ്കലം

Must read

ടോക്യോ:ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം.കരുത്തരായ ജർമ്മനിയെ തോല്പിച്ചത് നാലിനെതിരെ അഞ്ച് ഗോളുകൾക്ക്.
ഇന്ത്യയ്ക്കായി സിമ്രൻ ജിത് സിങ് ഇരട്ട ഗോളുകൾ നേടി.ഹാര്‍ദ്ദിക്, ഹര്‍മന്‍ പ്രീത്, രൂപീന്ദര്‍ പാല്‍ എന്നിവരുംഗോള്‍ നേടി.

കളിയുടെ ഒരു ഘട്ടത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോൾ തിരിച്ചടിച്ച് തിരിച്ചുവന്നത്. 1980 മോസ്ക്കോ ഒളിമ്പിക്സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാൻജീത് സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ രൂപീന്ദർപാൽ സിങ്, ഹാർദിക് സിങ്, ഹർമൻപ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജർമനിയ്ക്കായി ടിമർ ഓറസ്, ബെനെഡിക്റ്റ് ഫർക്ക്, നിക്ലാസ് വെലെൻ, ലൂക്കാസ് വിൻഡ്ഫെഡർ എന്നിവർ സ്കോർ ചെയ്തു.

അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി അക്ഷരാർഥത്തിൽ 130 കോടി ജനങ്ങളുടെ രക്ഷകനായി.

ഇതിനുമുൻപ് 1968, 1972 എന്നീ വർഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം 12 ആയി ഉയർന്നു. എട്ട് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

മത്സരം തുടങ്ങിയപ്പോൾ ജർമനിയാണ് ആധിപത്യം പുലർത്തിയത്. മികച്ച കുറിയ പാസുകളുമായി ജർമൻ പട കളം നിറഞ്ഞു. അതിന്റെ ഫലം രണ്ടാം മിനിട്ടിൽ തന്നെ ലഭിക്കുകയും ചെയ്തു. ഇന്ത്യൻ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജർമനി രണ്ടാം മിനിട്ടിൽ തന്നെ മത്സരത്തിൽ ലീഡെടുത്തു.

ടിമർ ഓറസാണ് ജർമനിയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ആദ്യം തന്നെ ലീഡ് വഴങ്ങിയതോടെ ഇന്ത്യൻ മുന്നേറ്റനിര ഉണർന്നുകളിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് പെനാൽട്ടി കോർണർ ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാൻ രൂപീന്ദർ പാൽ സിങ്ങിന് സാധിച്ചില്ല.

ജർമനി മികച്ച മുന്നേറ്റങ്ങൾ കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ ശ്രീജേഷ് ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞു. ആദ്യ ക്വാർട്ടറിൽ മികച്ച ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു.

എന്നാൽ രണ്ടാം ക്വാർട്ടറിൽ ഉണർന്നുകളിച്ച ഇന്ത്യൻ സംഘം 17-ാം മിനിട്ടിൽ സമനില ഗോൾ കണ്ടെത്തി. സിമ്രാൻജീത്ത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. നീലകണ്ഠ ശർമ നൽകിയ ലോങ് പാസ് സ്വീകരിച്ച സിമ്രാൻജീത്ത് ജർമൻ പ്രതിരോധ നിരയെ കബിളിപ്പിച്ചുകൊണ്ട് പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി.

പക്ഷേ ഇന്ത്യയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജർമനി തുടരെത്തുടരെ രണ്ട് ഗോളുകൾ നേടി ലീഡുയർത്തി. 24-ാം മിനിട്ടിൽ നിക്ലാസ് വെല്ലെനിലൂടെ രണ്ടാം ഗോൾ നേടിയ ജർമനി 25-ാം മിനിട്ടിൽ ബെനെഡിക്റ്റ് ഫർക്കിലൂടെ മൂന്നാം ഗോളും കണ്ടെത്തി. രണ്ട് ഗോളുകളും ഇന്ത്യയുടെ പ്രതിരോധപ്പിഴവിലൂടെയാണ് പിറന്നത്. ഇതോടെ ജർമനി 3-1 എന്ന സ്കോറിന് ലീഡെടുത്തു.

രണ്ട് ഗോളിന് പിന്നിൽ നിന്നതോടെ ഇന്ത്യ മുന്നേറ്റത്തിൽ കൂടുതൽ കരുത്ത് കാണിച്ചു. അതിന്റെ ഭാഗമായി ഒരു പെനാൽട്ടി കോർണറും നേടിയെടുത്തു. പെനാൽട്ടി കോർണർ സ്വീകരിച്ച രൂപീന്ദർപാൽ പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ജർമൻ ഗോൾ കീപ്പർ അത് തട്ടി. പക്ഷേ പന്ത് നേരെയെത്തിയത് മാർക്ക് ചെയ്യപ്പെടാതെനിന്ന ഹാർദിക് സിങ്ങിന്റെ അടുത്താണ്. അനായാസം ഹാർദിക് പന്ത് വലയിലെത്തിച്ച് 27-ാം മിനിട്ടിൽ ഇന്ത്യയുടെ രണ്ടാം ഗോൾ നേടി.

തൊട്ടുപിന്നാലെ ഇന്ത്യ സമനില ഗോൾ കൂടി കണ്ടെത്തിയതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. ഇത്തവണ പെനാൽട്ടി കോർണറിലൂടെ ഹർമൻപ്രീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 29-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. ഇതോടെ സ്കോർ 3-3 എന്ന നിലയിലായി. രണ്ടാം ക്വാർട്ടർ അവസാനിച്ചപ്പോൾ ഈ സ്കോറിന് ഇന്ത്യയും ജർമനിയും സമനില പാലിച്ചു.

മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ മത്സരത്തിലെ നാലാം ഗോൾ കണ്ടെത്തി. പെനാൽട്ടിയിലൂടെ രൂപീന്ദർ പാൽ സിങ്ങാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്. ബോക്സിനകത്ത് ഹർമൻപ്രീതിനെ വീഴ്ത്തിയതിനാണ് 34-ാം മിനിട്ടിൽ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാൽട്ടി വിധിച്ചത്. സ്പോട്ട് കിക്കെടുത്ത പരിചയസമ്പന്നനായ രൂപീന്ദറിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെത്തിച്ച് രൂപീന്ദർ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

തൊട്ടുപിന്നാലെ ഇന്ത്യ ലീഡുയർത്തി. 3-1 ന് പിന്നിൽ നിന്ന ഇന്ത്യ വർധിത വീര്യത്തോടെ പോരാടി 5-3 എന്ന സ്കോറിന് മുന്നിലെത്തി. ഇത്തവണ സിമ്രാൻജീത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഗുർജന്ത് സിങ്ങിന്റെ തകർപ്പൻ പാസ് സ്വീകരിച്ച സിമ്രാൻജീത് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ജർമനി തകർന്നു. മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ ആ ലീഡ് ഇന്ത്യ നിലനിർത്തി.

നാലാം ക്വാർട്ടറിൽ സർവം മറന്ന് പോരാടിയ ജർമൻ പട നാലാം ഗോൾ കണ്ടെത്തി. 48-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി കോർണറിലൂടെ ലൂക്കാസ് വിൻഡ്ഫെഡറാണ് സ്കോർ ചെയ്തത്. ഇതോടെ സ്കോർ 5-4 എന്ന നിലയിലായി. അവസാന 12 മിനിട്ടുകളിൽ ഇന്ത്യ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്. 54-ാം മിനിട്ടിൽ ജർമനിയുടോ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇന്ത്യയുടെ രക്ഷകനായി. വൈകാതെ 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക് ഹോക്കി മെഡൽ ഇന്ത്യയിലേക്ക് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week