ചെന്നൈ; ബി ജെ പിയെ വെട്ടിലാക്കി നടി ഖുശ്ബു സുന്ദറിന്റെ ഫോൺ സംഭാഷണം. പരിപാടികളിൽ തന്നെ പാർട്ടി വിളിക്കാറില്ലെന്നും വിളിച്ചാൽ തന്നെ അവസാന നിമിഷമാണ് പറയാറുള്ളതെന്നുമാണ് ഖുഷ്ബു ഓഡിയോയിൽ പറയുന്നത്. അതേസമയം സംഭാഷണം വൈറലായതിന് പിന്നാലെ ഖുഷ്ബു സംഭാഷണം പുറത്തുവിട്ട മാധ്യമപ്രവർത്തകനെതിരെ രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് ഓഡിയോ വൈറലായത്. തമിഴ്നാട്ടിലെ ബി ജെ പി രാഷ്ട്രീയം സംബന്ധിച്ച് പ്രതികരണം തേടാനാണ് ദേശീയ വനിത കമ്മീഷൻ അംഗം കൂടിയായ ഖുഷ്ബുവിനെ മാധ്യമ സ്ഥാപനം ബന്ധപ്പെട്ടത്. ബി ജെ പി പരിപാടികളിൽ കാണാറില്ലല്ലോയെന്നും എന്തുകൊണ്ടാണ് വിട്ടുനിൽക്കുന്നതെന്നുമുള്ള ചോദ്യത്തിനാണ് പ്രാദേശിക നേതാക്കളെ വിമർശിച്ചുകൊണ്ട് ഖുശ്ബു പ്രതികരിച്ചത്.
അതേസമയം സംഭാഷണം പുറത്തുവിട്ടതിൽ ഖുശ്ബു തുറന്നടിച്ചു. ഫോൺ സംഭാഷണത്തിലെ ശബ്ദം തന്റേതാണെന്നും എന്നാൽ തന്റെ അനുമതി ഇല്ലാതെയാണ് മാധ്യമപ്രവർത്തകൻ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തതെന്നും ഖുഷ്ബു ആരോപിച്ചു. മാധ്യമപ്രവർത്തകന്റെ മൂല്യച്യുതിയാണ് ഇത് വ്യക്തമാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. റെക്കോഡ് പുറത്തുവിട്ട മാധ്യമ സ്ഥാപനത്തിനെതരെ നിയമ നടപടി സ്വീകരിക്കുമെന്നും ഖുഷ്ബു സുന്ദർ പറഞ്ഞു. ബി ജെ പി വിടില്ലെന്നും തുടർന്നും താൻ പാർട്ടിയിൽ പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.