FeaturedKeralaNews

തരൂരില്‍ ജമീലയില്ല,പൊന്നാനിയില്‍ നന്ദകുമാര്‍,അരുവിക്കരയില്‍ ജി.സ്റ്റീഫന്‍

തിരുവനന്തപുരം:വിവാദങ്ങൾക്കൊടുവിൽ പാലക്കാട്ടെ തരൂര്‍ സീറ്റിൽ ഡോ.പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഉപേക്ഷിച്ച് സിപിഎം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തരൂരിൽ ഇനി ജമീലയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. സംവരണ മണ്ഡലമായ തരൂരിൽ മന്ത്രി എ.കെ.ബാലൻ്റെ ഭാര്യയെ പരിഗണിക്കുന്നതിനെതിരെ സിപിഎം കീഴ്ഘടകങ്ങളിൽ അതിരൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മാറ്റി ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിൻ്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ തിരുത്തലിന് വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. തരൂര്‍ പോലെ ഉറച്ച മണ്ഡലത്തിൽ നാല് വട്ടം എംഎൽഎയായ എ.കെ.ബാലൻ്റെഭാര്യ മത്സരിക്കുന്നത് വഴി സൃഷ്ടിക്കപ്പെടുന്ന സംഘടനപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ പാര്‍ട്ടി തീരുമാനിച്ചെന്നാണ് സൂചന.

അതേസമയം ജില്ലാ ഘടകം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും അരുവിക്കരയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച ജി.സ്റ്റീഫനെ തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താൻ ഇന്നത്തെ യോഗത്തിൽ തീരുമാനമായി. വി.കെ.മധുവിനെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാടാര്‍ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാട്ടാക്കട ഏരിയ സെക്രട്ടറിയായ ജി.സ്റ്റീഫനെ തന്നെ അരുവിക്കരയിൽ ഇറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

തര്‍ക്കം നിലനിന്ന പൊന്നാനിയിലും പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി.നന്ദകുമാറിനെ മത്സരിപ്പിച്ചാൽ മതിയെന്നാണ് തീരുമാനം. പാര്‍ട്ടി ഏരിയ സെക്രട്ടറി ടി.എം. സിദ്ധീഖിനെ മത്സരിപ്പിക്കണമെന്ന് താഴേത്തട്ടിൽ നിന്നും ആവശ്യമുയര്‍ന്നെങ്കിലും നന്ദകുമാര്‍ തന്നെ മത്സരിച്ചാൽ മതിയെന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.

കോഴിക്കോട് കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുൻ എംപി പി.സതീദേവിയേയും ഇവിടെ സ്ഥാനാര്‍ത്ഥിയെ പരിഗണിച്ചിരുന്നുവെങ്കിലും കാനത്തിൽ ജമീല മത്സരിക്കട്ടേയെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതോടെ തര്‍ക്കം നിലനിന്ന നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലും പ്രാദേശികമായി എതിര്‍പ്പ് അവഗണിച്ച് സംസ്ഥാന നേതൃത്വം തന്നെ നിശ്ചയിച്ച ആളുകളാവും സ്ഥാനാര്‍ത്ഥിയാവുക. അതേസമയം സംസ്ഥാന വ്യാപകമായി ചര്‍ച്ചയാക്കപ്പെട്ട തരൂര്‍ സീറ്റിൽ ജമീലയെ ഒഴിവാക്കി വിവാദം അവസാനിപ്പിക്കാനാണ് നേതൃത്വം തീരുമാനിച്ചത്.

പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത പി.കെ.ജമീല തരൂര്‍ മത്സരിക്കുകയും ഭരണതുടര്‍ച്ച ലഭിക്കുന്ന പക്ഷം അവര്‍ക്കം സംവരണം വഴി മന്ത്രിസ്ഥാനം വരെ കിട്ടിയേക്കും എന്ന സാധ്യതയെ ചൊല്ലി വലിയ ചര്‍ച്ചകൾ പാര്‍ട്ടിക്കുള്ളിൽ നടന്നിരുന്നു. മുൻ ആലത്തൂര്‍ എംപി പി.കെ.ബിജു, മുൻ സ്പീക്കര്‍ കെ.രാധാകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കളുണ്ടായിട്ടും ജമീലയെ തരൂരിൽ നിര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് താഴെത്തട്ടിലുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker