അമ്മയും മകനും പാര്‍ട്ടി നടത്തും, മകളും മരുമകനും സ്വത്ത് കൈകാര്യം ചെയ്യും; രാഹുല്‍ ഗാന്ധിക്കെതിരെ നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമ്മയും മകനും (സോണിയ, രാഹുല്‍) പാര്‍ട്ടി നടത്തുമ്പോള്‍ മകളും മരുമകനും (പ്രിയങ്ക, റോബര്‍ട്ട് വാദ്ര) സ്വത്ത് കൈകാര്യം ചെയ്യുകയാണ് എന്ന് നിര്‍മല ആരോപിച്ചു. രാഹുലിന്റെ ‘നമ്മള്‍ രണ്ട്, നമ്മുടെ രണ്ട്’ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
നമ്മള്‍ രണ്ട്, നമ്മുടെ രണ്ട് എന്നതിന്റെ അര്‍ത്ഥം രണ്ടു പേര്‍ പാര്‍ട്ടി നടത്തുന്നു. മറ്റു രണ്ടു പേര്‍, മകളും മരുമകളും അവരെ നോക്കുന്നു എന്നാണ്. നമുക്കത് വേണ്ട. ഒരു വര്‍ഷത്തിനിടെ അമ്ബത് ലക്ഷം തെരുവു കച്ചവടക്കാര്‍ക്കാണ് നാം പതിനായിരം രൂപ വച്ച് നല്‍കിയത്. അവര്‍ ആരുടെയും ഉറ്റമിത്രമല്ല.
ബജറ്റ് ചര്‍ച്ചകള്‍ക്ക് മറുപടി പറയവെയാണ് നിര്‍മല രാഹുലിനെ കടന്നാക്രമിച്ചത്. ബജറ്റ് കോര്‍പറേറ്റ് താത്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നത് എന്ന പ്രതിപക്ഷ ആരോപണം അവര്‍ തള്ളി. ദീര്‍ഘകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നത്. കോവിഡ് മഹാമാരി സര്‍ക്കാറിന്റെ വികസന നയത്തെ താളം തെറ്റിച്ചിട്ടില്ല. ആത്മനിര്‍ഭര്‍ ഭാരതാണ് സര്‍ക്കാറിന്റെ ലക്ഷ്യം- നിര്‍മല വ്യക്തമാക്കി.
തങ്ങളുടെ സുഹൃത്തുക്കള്‍ രാജ്യത്തെ സാധാരണ ജനങ്ങളാണ്. എവിടെയാണ് കോര്‍പറേറ്റ് സുഹൃത്തുക്കള്‍ അവര്‍ ജനം നിരാകരിച്ച ഒരു പാര്‍ട്ടിയുടെ നിഴലില്‍ ഒളിച്ചിരിക്കുകയാണ്. അവര്‍ ടെണ്ടറുകളില്ലാതെയാണ് തുറമുഖങ്ങള്‍ സ്വകാര്യകമ്ബനികള്‍ക്ക് കൈമാറിയത്- മന്ത്രി ആരോപിച്ചു.
വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം വ്യാജമായ ആഖ്യാനങ്ങള്‍ ഉണ്ടാക്കുകയാണ് എന്നും നിര്‍മല കുറ്റപ്പെടുത്തി. ഡൂംസ്ഡേ മാന്‍ ഓഫ് ഇന്ത്യ (ഇന്ത്യയുടെ വിധിതീര്‍പ്പുകള്‍ കല്‍പ്പിക്കുന്നയാള്‍) എന്ന് വിളിച്ചാണ് അവര്‍ രാഹുലിനെ പരിഹസിച്ചത്.