ഭാര്യ ജോലിക്ക് പോയത് ഇഷ്ടമായില്ല; സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്
ഭോപ്പാല്‍: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവനെതിരെ കേസ്. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കോണ്‍ട്രാക്ട് തൊഴിലാളിയായി ജോലി ചെയ്യുന്ന സ്ത്രീയുടെ ചിത്രങ്ങളാണ് ഭര്‍ത്താവ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. മധ്യപ്രദേശിലെ ഹബീബ് ഗഞ്ചിലെ അരേര കോളനിയിലാണ് സംഭവം.
ജബല്‍പൂര്‍ നിവാസിനിയായ സ്ത്രീയുടെയും പ്രതിയായ യുവാവിന്റെയും വിവാഹം 2015 ലാണ് നടന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വിവാഹത്തിന് മുന്‍പ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അയാളുടെ ജോലിയെപ്പറ്റി കള്ളം പറഞ്ഞിരുന്നതായി ഭാര്യ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 34 വയസുകാരനായ ഭര്‍ത്താവിന് ഒരു ജോലിയും ഇല്ലെന്ന യാഥാര്‍ത്ഥ്യം വിവാഹ ശേഷമാണ് തനിക്ക് മനസിലായതെന്നും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു.
ഇതിനിടെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഭോപ്പാലില്‍ ഒരു ജോലി തരപ്പെടുത്തിയ സ്ത്രീ പിന്നീട് അങ്ങോട്ട് താമസം മാറി. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് സ്ത്രീ ഭര്‍ത്താവിനോട് ഫോണില്‍ ചോദിച്ചെങ്കിലും അയാള്‍ ദേഷ്യപ്പെടുകയും മറ്റൊരു വിവാഹം കഴിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് പരാതിയില്‍ ആരോപിക്കുന്നു.