KeralaNews

കൊവിഡിനൊപ്പം നിപയും കേരളം ആശങ്കയില്‍, പിന്തുണയുമായി കേന്ദ്രം

കോഴിക്കോട്:കൊവിഡ് കേസുകള്‍ കുറയാതെ നില്‍ക്കുന്നതിനൊപ്പം നിപയും സ്ഥിരീകരിച്ചതില്‍ സംസ്ഥാനം ആശങ്കയില്‍. കോഴിക്കോട് മരിച്ച 12കാരനാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവിഭാഗം കൃത്യമായ മുന്നൊരുക്കം നടത്തി സജ്ജമായിട്ടുണ്ട്. മുമ്പ് 2018 മെയിലാണ് കേരളത്തെ ആശങ്കയിലാക്കി കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചത്. അന്ന് 18പേരാണ് മരിച്ചത്. കൃത്യമായ മുന്നൊരുക്കത്തിലൂടെയും കര്‍ശന നിയന്ത്രണത്തിലൂടെയും നിപയെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു. 2019 ജൂണിലും ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ചു. നിലവില്‍ കൊവിഡ് വ്യാപനം മൂലം സംസ്ഥാനം വലയുമ്പോഴാണ് നിപയും സ്ഥിരീകരിച്ചത് എന്നതാണ് ആശങ്ക.

ശനിയാഴ്ച രാത്രി വൈകിയാണ് നിപ സ്ഥീരീകരണം വന്നത്. മൂന്ന് സാമ്പിളും പോസിറ്റീവായിരുന്നു. അതീവ ഗുരുതര അവസ്ഥയിലായിരുന്ന കുട്ടി പുലര്‍ച്ചെ മരിച്ചു. നിപ വ്യാപനം നേരിടാന്‍ അടിയന്തര കര്‍മപദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട്ടെ മന്ത്രിമാരായ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, മുഹമ്മദ് റിയാസ് എന്നിവരടങ്ങുന്ന യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാനുണ്ടാക്കി. പ്രഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു. നാല്. ദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു. രോഗിയുടെ കുടുംബത്തിലോ പ്രദേശ വാസികള്‍ക്കോ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ അത് തുടര്‍ന്ന് പോകുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി യുടെ നേതൃത്വത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാനത്തെ കൊവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ ദിവസവും 29000ത്തിലേറെ രോഗികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും. സെൻ്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക. രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണമുള്ളത്. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker