അവളോടൊപ്പം തന്നെയാണെന്ന് നവ്യ നായർ..വലിയ വേദനയാണ് അവൾ അനുഭവിച്ചത്…. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും..കാവ്യയുമായി സൗഹൃദമില്ല; തുറന്ന് പറഞ്ഞ് താരം
നീണ്ട ഇടവേളയ്ക്ക് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെ മലയാള സിനിമയിലേക്ക് നവ്യ നായർ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ നവ്യ നായര്‍ മനസ് തുറക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ അവൾക്കൊപ്പം തന്നെയാണെന്നാണ് നവ്യ പറയുന്നത്. അവൾ വലിയ വേദനയാണ് അനുഭവിച്ചത്. അതുകൊണ്ട് തന്നെ അവളോടൊപ്പം തന്നെയാണ്. ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുമെന്നും നവ്യ നായർ പറഞ്ഞു.
നടിയുടെ വാക്കുകളിലേക്ക്
ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. നേരത്തെ തന്നെ ഞാൻ പറഞ്ഞിരുന്നു. ശരിയുടെ പക്ഷം, തെറ്റിന്റെ പക്ഷം, റിലേറ്റീവായി പോകുന്നുണ്ട് പലതും. കോടതിയിൽ ഇരിക്കുന്ന വിഷയമാണ്. അതിനെ കുറിച്ച് ആധികാരികമായി പറഞ്ഞ് വഷളാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ എന്റെ സഹപ്രവർത്തക അനുഭവിച്ച ബുദ്ധിമുട്ട് അത് വേദനയുണ്ടാക്കുന്നത് തന്നെയാണ് . അതുകൊണ്ട് തന്നെ അവൾക്കൊപ്പം തന്നെയാണ്, നവ്യ നായർ പറഞ്ഞു. നിരവധി സിനിമകൾ ഒരുമിച്ച് ചെയ്തുവെങ്കിലും തനിക്ക് കാവ്യ മാധവനുമായി സൗഹൃദം ഇല്ലെന്നും നവ്യ നായർ പറഞ്ഞു.
വിമൺ ഇൻ സിനിമാ കളക്ടീവിന്റെ ഭാഗാമാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താൻ മുംബൈയിലായിരുന്നുവെന്നും അതുകൊണ്ട് തന്നെ പല പരിപാടികളുടേയും യോഗങ്ങളുടേയും ഭാഗമാകാൻ തനിക്ക് സാധിച്ചിട്ടില്ല. എന്നാൽ ഡബ്ല്യു സി സി കൊണ്ടുവന്ന വനിതകൾക്ക് സംസാരിക്കാൻ ഒരു ഇടം എന്നത് മികച്ച ആശയം തന്നെയാണെന്നും നവ്യ നായർ പറഞ്ഞു.
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മീഷൻ റിപ്പോർട്ട് വളരെ വേഗത്തിൽ തന്നെ പുറത്തുവരണമെന്നതാണ് തന്റെ ആഗ്രഹം. ഒരു ആക്ടിവിസ്റ്റ് എന്ന നിലയ്ക്ക് ഞാൻ ഇറങ്ങി ചെന്നിട്ടില്ല. വളരെ നാളുകളായി ഒരു വീട്ടമ്മയായിട്ടിരിക്കുകയാണ് ഞാൻ.എല്ലാവരും ഇരിക്കുന്ന സ്ഥലത്ത് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയാൻ സ്ത്രീകൾക്ക് വിമുഖ ഉണ്ടാകാറുണ്ട്, ആ ഒരു ധൈര്യം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഞാൻ പഠിച്ച് വളർന്ന് വന്നതിന്റെ കുഴപ്പം കൊണ്ടായിരിക്കാം.
ഒരാൾ മോശമായി പെരുമാറിയാൽ പോലും അത് തുറന്ന് പറയാൻ ഇന്നും സങ്കോചമുള്ള ഒരാളാണ് ഞാൻ. എന്നാൽ അത് നല്ലതാണെന്നൊരു അഭിപ്രായം തനിക്ക് ഇല്ല. നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറയാനുള്ള മനസ് നമ്മുക്ക് ഉണ്ടാകണം. അതിലേക്ക് സ്ത്രീകൾ എത്തണം എന്നതാണ് തന്റെ അഭിപ്രായം. പെട്ടെന്ന് അത്തരമൊരു രീതിയിലേക്ക് തനിക്ക് എത്താൻ സാധിക്കില്ല.
സിനിമാ മേഖലയിൽ നിന്ന് തനിക്ക് നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്. ലൊക്കേഷനിൽ വരുമ്പോൾ അച്ഛനും അമ്മയുമൊക്കെ തനിക്കൊപ്പം ഉണ്ടായിരുന്നു.അതുകൊണ്ടാണോ അറിയില്ല, ഒരു ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നില്ല. പറയാനുള്ള കാര്യങ്ങൾ എപ്പോഴും പറയാറുണ്ട്. എന്ന് വെച്ച് എല്ലാ കാര്യങ്ങളിലും ഞാൻ അഭിപ്രായം പറയാറില്ല. അഭിപ്രായം തുറന്ന് പറയുന്നതിൽ തനിക്ക് പേടിയുണ്ട്. ഇപ്പോൾ ഉത്തരവാദിത്തങ്ങൾ കൂടി, തന്റെ വിവാഹം കഴിഞ്ഞു, തനിക്കൊരു മകനുണ്ട്.
അതേസമയം താനൊരു ‘കുലസ്ത്രീയൊന്നും’ അല്ലെന്നും സാധാരണ സ്ത്രീയാണെന്നും നവ്യ പറഞ്ഞു. തന്റെ അമ്മ ഒരു സൂപ്പർ വുമമാണ്. എല്ലാവരുടേയും കാര്യങ്ങളും അമ്മ ഓടി നടന്ന് ചെയ്യും. അതുകൊണ്ട് എന്താണ് സംഭവിച്ചത് അമ്മ പെട്ടെന്ന് ക്ഷീണിച്ചു. സ്ത്രീകൾ മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. പുരുഷൻ ഒരിക്കലും വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാറില്ല. അവർ എപ്പോഴും ക്ലാളിറ്റേറ്റീവ് ആണ്. അതേസമയം സ്ത്രീകൾ ക്വാണ്ടിറ്റേറ്റീവ് ആണ്. ക്വാളിറ്റിയിൽ എത്താൻ സ്ത്രീകൾക്ക് സാധിക്കാത്തത് അവർ നൂറുകൂട്ടം കാര്യങ്ങൾ ചെയ്യുന്നതിനാലാണ്.
സാഹചര്യം കൊണ്ടാണ് സ്ത്രീകൾ മൾട്ടി ടാസ്കർ ആയിപ്പോകുന്നത്. ഞാനൊരു ഭാര്യയാണ്, അമ്മയാണ്, മകളാണ്, മരുമകളാണ്. എന്നാൽ എന്താണ് ഈ നല്ല ഭാര്യ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും നവ്യ ചോദിച്ചു. ആത്യന്തികമായി ആഗ്രഹിക്കുന്നത് നല്ലൊരു മനുഷ്യ സ്ത്രീ ആയിരിക്കാനാണ്. ആരേയും വേദനിപ്പിക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്.
എന്റെ മകന് മേൽ ഒരു കാര്യങ്ങളും അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്ന സത്രീയല്ല ഞാൻ. ഇന്നതാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന അഭിപ്രായം അവനോട് പറയും. അവൻ സ്വാതന്ത്ര്യത്തോടെ വളരണമെന്നാണ്. നമ്മുടെ ശരി മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന രീതിയോട് യോജിപ്പില്ല. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇണ്ട്. നിർബന്ധ് ചെയ്യിപ്പിക്കുന്ന ഒന്നിനും പൂർണത ലഭിക്കില്ല.
ആർക്കും ആരേയും പൂർണമായി അറിയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരും ഫേക്ക് ആണെന്ന് വേണമെങ്കിൽ പറയാം. അതിന്റെ ഏറ്റക്കുറിച്ചിലുകളെ ഉള്ളൂ. ചിലർ ഒരുപാട് ഫേക്ക് ആയിരിക്കാം. ചിലർ അത്രയും ഇല്ല. ചില സ്ത്രീകളാണെങ്കിലും പുരുഷൻമാരുമെല്ലാം അവരുടെ ബന്ധങ്ങളെ കുറിച്ചൊക്കെ ഓപ്പണായിരിക്കും, എന്നാൽ നമ്മുടെ ചിന്താഗതികളെ കുറിച്ച് നമ്മൾ ഓപ്പണായിരിക്കുമോ?
നമ്മുക്ക് പലരോട് ദേഷ്യയും അസൂയയും കുശുമ്പും തോന്നും. എന്ന് വെച്ച് അതൊക്കെ നമ്മൾ ഓപ്പണായി പറയുമോ? എന്റെ അനുഭവങ്ങളാണ് എന്നെ പരിവപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു. മഞ്ജു വാര്യർ ഒരു ഇൻസ്പിരേഷനാണ്. എനിക്ക് ടെൻഷൻ കുടുംബത്തിന്റെ കെട്ടുപാടുകളെ കുറിച്ചായിരുന്നില്ല. തിരിച്ചു വന്നാൽ ജനം സ്വീകരിക്കുമോയെന്നതിനെ കുറിച്ചാണെന്നും നവ്യ പറഞ്ഞു.