KeralaNews

ബി.ജെ.പിക്ക് അക്കൗണ്ടില്ലാത്തതിനാല്‍ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കേണ്ടി വന്നില്ല; ചരിത്ര വിജയമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: ജനങ്ങള്‍ സമ്മാനിച്ചതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വിജയമെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത് ചരിത്ര വിജയവും ചരിത്ര നിമിഷവുമാണ്. ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ടില്ലാത്തതിനാല്‍ ബഹിഷ്‌കരണം അവര്‍ക്ക് ആഹ്വാനം ചെയ്യാന്‍ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കില്‍ അവരും ഒക്കച്ചങ്ങായിമാരായേനെ എന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നേരത്തെ അറിയിച്ചിരുന്നു. ഇതുകൂടി സൂചിപ്പിച്ചായിരുന്നു ജയരാജന്റെ പ്രതികരണം.

ഇ.കെ. നായനാരുടെ പത്‌നി ശാരദടീച്ചറും ചടയന്‍ ഗോവിന്ദന്റെ പത്‌നി ദേവകിയും, ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി ജനാര്‍ദ്ദനനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണക്കത്ത് ലഭിച്ചവരായിരുന്നു. എന്നാല്‍ അവര്‍ക്ക് കൊവിഡായതിനാല്‍ പോകാന്‍ സാധിച്ചില്ലെന്നും അത് മുഖ്യമന്ത്രിയെ അറിയിച്ചു. തങ്ങളുടെയൊക്കെ മനസ്സിലാണ് പിണറായി വിജയന്‍ സര്‍ക്കാറിനുള്ള സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചരിത്രവിജയം, ചരിത്രനിമിഷം

എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാമൂഴം ജനങ്ങള്‍ സമ്മാനിച്ചതാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ അതുകൊണ്ട് തന്നെ ഒരു ചരിത്രനിമിഷമാണ്. ചരിത്രവിജയവും ചരിത്രനിമിഷവും. ഇതായിരിക്കും കേരളം അടയാളപ്പെടുത്താന്‍ പോകുന്നത്. ബഹിഷ്‌കരണമെന്ന പ്രതിപക്ഷത്തിന്റെ പതിവ് കലാപരിപാടി ഈ സമയത്തുമുണ്ടായി. ബി.ജെ.പിക്ക് നിയമസഭയില്‍ അക്കൗണ്ടില്ലാത്തതിനാല്‍ ബഹിഷ്‌കരണം അവര്‍ക്ക് ആഹ്വാനം ചെയ്യാന്‍ കഴിഞ്ഞില്ല. അല്ലായിരുന്നുവെങ്കില്‍ അവരും ഒക്കച്ചങ്ങായിമാരായേനെ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ കോടതി അംഗീകരിച്ചു.

ദൃശ്യമാധ്യമങ്ങളില്‍ കൂടി രണ്ട് മണി മുതല്‍ ജനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. ജനമനസ്സുകളിലാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത്. എല്ലാ രാഷ്ട്രീയത്തിലുംപെട്ടവര്‍ സ്വന്തം വീടുകളിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ഈ ചരിത്രനിമിഷത്തില്‍ പങ്കാളികളാകുന്നു.

കണ്ണൂര്‍ ജില്ലയിലെ വീടുകളില്‍ നിന്നുള്ള ആഹ്ലാദം പങ്കിടാന്‍ ധീരരക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ പ്രിയ പത്‌നി മീനാക്ഷി ടീച്ചറുടെ വീട്ടിലായിരുന്നു കെ.പി. സഹദേവനും എം. പ്രകാശന്‍ മാസ്റ്റരോടുമൊപ്പം ഞാനും ഉണ്ടായിരുന്നത്. മീനാക്ഷി ടീച്ചര്‍ ഈ ചരിത്രനിമിഷത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എന്നെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ദീര്‍ഘദൂര യാത്ര പ്രയാസകരമായതിനാല്‍ ക്ഷണക്കത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പങ്കെടുക്കാന്‍ കഴിയാത്തതില്‍ പ്രയാസം അറിയിച്ചുകൊണ്ട് ഞാന്‍ മറുപടി നല്‍കിയിരുന്നു. ഞങ്ങളുടെയൊക്കെ മനസ്സിലാണ് പിണറായി വിജയന്‍ സര്‍ക്കാറിനുള്ള സ്ഥാനം. ഞങ്ങളെ മറക്കാത്ത സര്‍ക്കാറിനെ ഞങ്ങള്‍ക്കൊരിക്കലും മറക്കാന്‍ കഴിയില്ല.

പിണറായിയിലെ നാട്ടുകാര്‍ മധുരം നല്‍കി ഈ ചരിത്രനിമിഷത്തില്‍ ആഹ്ലാദം പങ്കിടുന്നത് പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലാണ്. അവരുടെ സന്തോഷത്തിലും പങ്കുകൊള്ളാന്‍ അവസരം കിട്ടി. അവരെല്ലൊം ഒരേ വികാരത്തിലാണ്.

ഇ.കെ. നായനാരുടെ പ്രിയപത്‌നി ശാരദടീച്ചറും ചടയന്‍ ഗോവിന്ദന്റെ പ്രിയപത്‌നി ദേവകിയേടത്തിയും, ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത ബീഡി തൊഴിലാളി സഖാവ് ജനാര്‍ദ്ദനനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണക്കത്ത് ലഭിച്ചവരായിരുന്നു. പങ്കെടുക്കാന്‍ പറ്റാത്ത വിഷമവും ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ച് അവരെല്ലാം മുഖ്യമന്ത്രിക്ക് മറുപടി അയക്കുകയുണ്ടായി. മീനാക്ഷി ടീച്ചര്‍ പറഞ്ഞതുപോലെ സന്തോഷവും സ്‌നേഹവും കോവിഡ് കാലമായതിനാല്‍ വീടുകളിലാണ്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ നാടാകെ അലതല്ലുന്ന ആഹ്ലാദത്തിലാണ്. അതെ, ചരിത്രവിജയം സമ്മാനിച്ച ജനങ്ങള്‍ക്കാണ് ആഹ്ലാദം പങ്കിടാനും മധുരം നല്‍കാനും ഏറെ അവകാശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker