ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം; ഇടുക്കിയിൽ ഭാര്യയെ കോടതിവളപ്പിൽ കഴുത്തറുത്തു കൊല്ലാൻ ശ്രമം
പീടുമേട്: ഇടുക്കി പീരുമേട്ടിൽ കോടതി വളപ്പിൽ ഭാര്യയുടെ കഴുത്തറുത്ത് കൊല്ലാന്‍ ഭർത്താവിന്‍റെ ശ്രമം. ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയിൽ ബിജുവാണ് ഭാര്യ അമ്പിളിയെ കൊല്ലാൻ ശ്രമിച്ചത്. ബിജുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഉച്ചയ്ക്ക് പീരുമേട് കോടതി വളപ്പിലാണ് നാടകീയ സംഭവം.
കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവന്ന അമ്പിളിയുടെ പുറകിൽനിന്നും ബിജു കഴുത്തറുക്കുകയായിരുന്നു. 2018ൽ ഇവരുടെ വീട് അയൽവാസി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കുമളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ സാക്ഷികളാണ് ഇരുവരും. ഈ കേസിൽ കോടതിയിൽ ഹാജരായതിനു പിന്നാലെയായിരുന്നു ആക്രമണം.
കേസ് സംബന്ധിച്ച് വിവരങ്ങൾ കോടതി വളപ്പിലുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയിൽവച്ച് സംസാരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് കൊലപാതകശ്രമം.
ഭാര്യയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഭർത്താവിന് സംശയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ പതിവായി ഇരുവവർക്കുമിടയിൽ വഴക്കുണ്ടാവാറുണ്ട്. സംശയത്തെ തുടർന്നുള്ള പകയാണ് വധശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അമ്പിളിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലെ മുറിവിൽ 16 തുന്നലുകളുണ്ട്. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.