EntertainmentFeaturedKeralaNews

മോഹന്‍ലാലിന്റെ പാനലിന് അട്ടിമറിത്തോല്‍വി,നിവിന്‍ പോളിയും ആശാ ശരത്തും തോറ്റു,ജയം നേടി മണിയന്‍പിള്ള രാജുവും വിജയ് ബാബുവും ലാലും

കൊച്ചി: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം താരസംഘടനയായ അമ്മയിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്.

ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തും. 

11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്. ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു. 

കഴിഞ്ഞ കുറേ വർഷങ്ങളായി അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കാറില്ല. മുൻ വർഷങ്ങളിലും പലരും മത്സരിക്കാൻ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇക്കുറി സമ്മർദ്ദ-സമവായ നീക്കം തള്ളി മണിയൻ പിള്ള രാജുവും ലാലും അടക്കം നാല് പേർ മത്സരിക്കാൻ ഇറങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ സിദ്ധീഖ് ഫേസ്ബുക്കിലിട്ട പോസ്റ്റിലെ ചില പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിനെതിരെ മണിയൻ പിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു. 

രണ്ട് ദിവസം മുൻപാണ് നടൻ സിദ്ധിഖ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.  ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് വോട്ടു തേടി സിദ്ധീഖിട്ട് ഫേസ്ബുക്ക് പോസ്റ്റിൻറെ അവസാന ഭാഗത്തെ വരികൾ ഇങ്ങനെയാണ്. 

”ആരെ തെരഞ്ഞെടുക്കണമെന്ന്ആംഗങ്ങൾക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിൻറെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാൻ നൽകിയ നോമിനേഷനിൽ പേരെഴുതി ഒപ്പിടാൻ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നൽകാം എന്ന് വാദ്ഗാനം നൽകി അമ്മയെ കബളിപ്പിച്ചവരുമല്ല…”

ഇന്ന് രാവിലെ ജനറൽ ബോഡിക്ക് മുൻപ്   മണിയൻപിള്ള രാജു പറഞ്ഞത് – 
എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ്  പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിക്ഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിൽ തമ്മിൽ കണ്ടാൽ മിണ്ടാത്തവർ പോലും ഇപ്പോൾ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാൻ വോട്ടു ചോദിച്ചിട്ടില്ല. ഞാൻ മത്സരിക്കുന്നുണ്ട്. 

ഷമ്മി തിലകൻ്റെ പ്രതികരണം –
സിദ്ദിഖ് സമൂഹമാധ്യമങ്ങളിൽ നടത്തിയ പരാമർശം എന്നെ ഉദ്ദേശിച്ചാണ്. സിദ്ദിഖ് ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിൻറെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമർശം നടത്തിയതിലൂടെ സ്വന്തം ധാർമികതയാണ് അദ്ദേഹം കാണിച്ചത്. ഒപ്പ് ഇല്ലാതെ നോമിനേഷൻ തള്ളിയ വ്യക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് പരാമർശം തന്നെ കുറിച്ചാണെന്ന് എല്ലാവർക്കും മനസ്സിലാകും. ഈ വിഷയം ജനറൽബോഡിയിൽ ഉന്നയിക്കും. ഉന്നയിച്ചാലും എത്രത്തോളം ഗുണം ഉണ്ടാകും എന്ന് അറിയില്ല. അമ്മ എക്കാലത്തും ഒരു വിഭാഗത്തിൻ്റെ നിയന്ത്രണത്തിലാണ്. മുൻ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുൻപ് ഉണ്ടായതാണ്. സിദ്ദിഖിനെ പരാമർശം കണ്ട് പലരും വിളിച്ചിരുന്നു. ഭാരവാഹികൾ അടക്കം അംഗങ്ങളിൽ പലരും പിന്തുണ അറിയിച്ചു. 
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker