Home-bannerNews

പ്രതിപക്ഷ മുനയൊടിയ്ക്കാന്‍ പിണറായിയെ കൂട്ടിപിടിച്ച് നരേന്ദ്രമോദി,പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കേരള മുഖ്യമന്ത്രിയെ ഉദ്ധരിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയങ്ങളില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്തിന്റെ ശ്രേയസിനായി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്നും നുണപ്രചാരണത്തിലൂടെ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വോട്ട്ബാങ്കുണ്ടാക്കാനുമാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു മുതല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവരെയും പരാമര്‍ശിച്ചു കൊണ്ടാണ് മോദി പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചത്.

വിഭജനാനന്തരം പാകിസ്താന്‍ ഭാഗത്തു തുടരാന്‍ തീരുമാനിച്ച സ്വാതന്ത്ര്യസമര സേനാനികളായ ഭൂപേന്ദ്ര കുമാര്‍ ദത്ത, ജോഗേന്ദ്രനാഥ് മണ്ഡല്‍ എന്നിവര്‍ക്കു ദുരനുഭവങ്ങള്‍ താങ്ങാനാകാതെ ഇന്ത്യയിലേക്കു വരേണ്ടിവന്നതു മുതലുള്ള ചരിത്രം നിരത്തിവച്ചാണ് പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ചത്. ഇന്ത്യന്‍ പൗരനായ ഒരു മുസ്ലിമിനെയും ബാധിക്കാത്ത ഭേദഗതിയുടെ പേരിലാണു വന്‍വിവാദം അഴിച്ചുവിടുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിക്കുന്നവര്‍ അവിടുത്തെ കര്‍ഷകര്‍ മുതല്‍ അനുഭവിക്കുന്ന നേട്ടങ്ങള്‍ക്കു നേരേ കണ്ണടയ്ക്കുന്നു.

ജനസംഖ്യാ കണക്കെടുപ്പും ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കലും ഭരണപരമായ സാധാരണ പ്രക്രിയകളാണ്. ഇപ്പോള്‍ അതിനു പിന്നില്‍ വോട്ട്ബാങ്ക് രാഷ്ട്രീയം കാണുന്നതിന്റെ ലക്ഷ്യം മറ്റുപലതുമാണ്.ദേശീയ ജനസഖ്യാ രജിസ്റ്റര്‍ കൊണ്ടുവന്നത് 2010-ല്‍ യു.പി.എ. സര്‍ക്കാരാണ്. ബി.ജെ.പി. അധികാരത്തിലെത്തിയത് 2014-ലും. എന്നിട്ടും പ്രതിപക്ഷം നുണ പരത്തുകയാണ്. എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നത്- പ്രധാനമന്ത്രി ചോദിച്ചു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടുള്ള ചോദ്യാവലിയിലെ വിവാദങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറഞ്ഞു. ഓരോ പൗരന്റെയും ഹിതം അറിയാനുള്ള ചോദ്യങ്ങള്‍ മാത്രമേ തയാറാക്കിയിട്ടുള്ളൂ. അതില്‍ അസ്വാഭാവികതയില്ല.

എവിടെയെങ്കിലും സ്‌കൂള്‍ ഒരുക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സംസാരിക്കുന്ന ഭാഷ ഉള്‍പ്പെടെ അറിയേണ്ടിവരും. ഉദാഹരണത്തിന്, ഒഡീഷയില്‍നിന്ന് ഗുജറാത്തിലേക്കു കുടിയേറിയവര്‍ അവരുടെ മാതൃഭാഷ ഒഡിയ ആണെന്നു വ്യക്തമാക്കിയാലേ ഒഡിയ ഭാഷ പഠിപ്പിക്കുന്ന ഒരു സ്‌കൂള്‍ അവരുടെ കുട്ടികള്‍ക്കായി തുറക്കാനാകൂ- മോഡി വിശദീകരിച്ചു.ഈ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണു പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടത്. കോണ്‍ഗ്രസിന്റെ വഴി പിന്തുടര്‍ന്നിരുന്നെങ്കില്‍ രാമക്ഷേത്ര പ്രശ്നം പരിഹരിക്കപ്പെടില്ലായിരുന്നു.

370-ാം വകുപ്പും മുത്തലാഖും തുടരുമായിരുന്നു. ബംഗ്ലാദേശുമായി അതിര്‍ത്തി കരാര്‍ ഉണ്ടാകുമായിരുന്നില്ല- മോദി പറഞ്ഞു. രാജ്യസഭയിലാണു മോഡി പിണറായിയുടെ വാക്കുകള്‍ ആയുധമാക്കിയത്. പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ പിന്തുണയ്ക്കുന്ന ഇടതു പാര്‍ട്ടികളെ ലക്ഷ്യം വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഹരം. ”ഇടതു സുഹൃത്തുക്കള്‍ കാര്യം മനസിലാക്കാതെ പ്രതികരിക്കുയാണ്. കേരളത്തിലെ ഇടതുപക്ഷ മുഖ്യമന്ത്രിതന്നെ ഇത്തരം സമരങ്ങളെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. ഇത്തരം സമരങ്ങളില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞുകയറുകയാണെന്നും അവര്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം സാഹചര്യങ്ങള്‍ നിമിത്തം കേരളത്തില്‍ നിങ്ങള്‍ ബുദ്ധിമുട്ടുകയാണ്. എന്നിട്ടും അതേ സാഹചര്യങ്ങള്‍ രാജ്യത്തു പലയിടങ്ങളിലും നടത്തണമെന്ന് നിങ്ങള്‍ എന്തിനാണ് വാശിപിടിക്കുന്നത്?” പൗരത്വ സമരത്തിനിടയിലെ അക്രമങ്ങളില്‍ എസ്.ഡി.പി.ഐയുടെ പങ്കിനെക്കുറിച്ച പിണറായി നിയമസഭയില്‍ നടത്തിയ പരാമര്‍ശമാണ് മോദി ഉദ്ധരിച്ചത്. എസ്.ഡി.പി.ഐയുടെ പേരെടുത്തു പറയാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. മോഡിയുടെ പ്രസ്താവനയ്ക്കെതിരേ സി.പി.എം. അംഗം കെ.കെ. രാഗേഷ് പ്രതിഷേധം അറിയിച്ചു.ഗാന്ധിജിയെയും ജവാഹര്‍ലാല്‍ നെഹ്റുവിനെയും കൂട്ടുപിടിച്ചാണു പ്രധാനമന്ത്രി പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചത്.

പാകിസ്താനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാന്‍ ഗാന്ധിജിയും നെഹ്റുവും ആഗ്രഹിച്ചിരുന്നു. അവരുടെ ആഗ്രഹമാണു സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുകയാണ്. നെഹ്റു അസമിന്റെ ആദ്യ മുഖ്യമന്ത്രിയായ ഗോപിനാഥ് ബോര്‍ദലോയിക്കയച്ച കത്തില്‍ ഇതു വ്യക്തമാണ്. ഹിന്ദു അഭയാര്‍ഥികളെയും മുസ്ലിം കുടിയേറ്റക്കാരെയും തമ്മില്‍ വേര്‍തിരിക്കണമെന്നാണ് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. അങ്ങനെയെങ്കില്‍ നെഹ്റു വര്‍ഗീയവാദി ആയിരുന്നോ? ഹിന്ദുരാജ്യം നിര്‍മിക്കാനായിരുന്നോ അദ്ദേഹം ആവശ്യപ്പെട്ടത്? കോണ്‍ഗ്രസ് ഇതിനു മറുപടി പറയണം- മോദി ആവശ്യപ്പെട്ടു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker