35.9 C
Kottayam
Thursday, April 25, 2024

മീരാബായ് ചാനുവിന് എ.എസ്.പിയായി നിയമനം

Must read

ഇംഫാല്‍: ടോക്യോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് എ.എസ്.പിയായി നിയമനം. മണിപ്പൂര്‍ സര്‍ക്കാരിന്റേതാണ് തീരുമാനം. വാര്‍ത്താകുറിപ്പിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. റെയില്‍വേയിലെ ടിക്കറ്റ് എക്‌സാമിനര്‍ ആയിരുന്നു ചാനു. കഴിഞ്ഞ ദിവസം താരവുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ ഈ ജോലിക്ക് പകരം മറ്റൊരു ജോലി നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി മീരാബായ്ക്ക് ഉറപ്പുനല്‍കിയിരുന്നു.ഇതോടൊപ്പം താരത്തിന് ഒരു കോടി രൂപ പാരിതോഷികം നല്‍കാനും മണിപ്പൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായ് ചാനു വെള്ളിമെഡല്‍ നേടിയത്.

അതേസമയം, മീരാബായ് ചാനുവിന്റെ മെഡല്‍ സ്വര്‍ണം ആവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം നേടിയ ചൈനയുടെ ഷിഹൂയി ഹൗവിനെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയയാക്കും. പരിശോധനയില്‍ പരാജയപ്പെട്ടാല്‍ താരത്തെ അയോഗ്യയാക്കുകയും രണ്ടാമതെത്തിയ ചാനുവിനെ ജേതാവായി പ്രഖ്യാപിക്കുകയും ചെയ്യും.

നാട്ടിലേക്ക് തിരികെ പോകരുതെന്ന് ഷിഹൂയി ഹൗവിനോട് ഒളിമ്പിക്‌സ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒളിമ്പിക്‌സ് റെക്കോര്‍ഡ് ആയ 210 കിലോഗ്രാം ഉയര്‍ത്തിയാണ് താരം സ്വര്‍ണം നേടിയത്. 202 കിലോയാണ് ചാനു ഉയര്‍ത്തിയത്. മെഡല്‍ നേടി നാട്ടില്‍ തിരികെയെത്തിയ മീരാബായ് ചാനുവിന് ഊഷ്മള സ്വീകരണം ലഭിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ ജീവനക്കാരാണ് കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ഇന്ത്യന്‍ താരത്തിനു സ്വീകരണം നല്‍കിയത്. നാട്ടിലെത്തിയെന്ന് ചാനു തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ടോക്യോ ഒളിമ്പിക്‌സില്‍ ഇതുവരെ ഇന്ത്യയുടെ ഒരേയൊരു മെഡല്‍ ജേതാവാണ് മീരാബായ് ചാനു. 2016 റിയോ ഒളിമ്പിക്‌സില്‍ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം വെള്ളിമെഡല്‍ സ്വന്തമാക്കി മടങ്ങിയത്. ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത് ഇതാദ്യമാണ്. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week