പഴങ്കഞ്ഞി പോലെ ഇരുന്നാൽ എല്ലാവരും തലയിൽ കയറി ഡാൻസ് ചെയ്യും;തുറന്ന് പറഞ്ഞ് മീര ജാസ്മിൻ
കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മീര ജാസ്മിൻ. 2000ന്റെ തുടക്കത്തിൽ മലയാള സിനിമയിലേക്ക് ചുവടുവെച്ച മീര വളരെ പെട്ടെന്നാണ് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയത്. സൂത്രധാരൻ ആയിരുന്നു മീരയുടെ ആദ്യ സിനിമ.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നടക്കം കൈനിറയെ അവസരങ്ങളുമായി സിനിമയിൽ സജീവമാവുകയായിരുന്നു താരം. അതിനിടെ അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാനും മീരയ്ക്ക് കഴിഞ്ഞു.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാവുകയാണ് മീര ജാസ്മിൻ. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. അതിനിടെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ മീര പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘പ്രായം പിറകോട്ട് ആണോ സഞ്ചരിക്കുന്നത്’ എന്ന ചോദ്യത്തിന് മീര നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
“ഇതൊക്കെ നമ്മുടെ ഒരു മൈൻഡ് സെറ്റ് ആണ്. ലൈഫിനെ ഒരുപാട് സീരിയസായി എടുക്കുന്ന ഒരു ഫേസ് എനിക്കുണ്ടായിരുന്നു. ഇപ്പോൾ ഈസി ഗോയിങ് മൈൻഡ്സെറ്റ് ആണ്. ജീവിതം വളരെ ചെറുതാണ്, ഉള്ള കാലത്തോളം സന്തോഷമായിരിക്കാൻ ശ്രമിക്കുക.
വളരെ മോശമായ അവസ്ഥയിൽ ഇരിക്കുന്ന സമയങ്ങളും ഉണ്ട്. പക്ഷെ അത് മാറും, ഉള്ള സമയം സന്തോഷത്തോടെ അടിച്ചു പൊളിച്ച് ജീവിക്കണം. അങ്ങനെ വരുമ്പോൾ മൈൻഡ് ഒക്കെ റിലാക്സ്ഡ് ആകും. അത് കാണുന്നവരിൽ പ്രതിഫലിക്കുകയും ചെയ്യും.
പിന്നെ എനിക്ക് ഒരിക്കലും വയസ്സായല്ലോ എന്ന ചിന്ത ഉണ്ടാവാറില്ല. എനിക്ക് ഇപ്പോഴും പഴയ ആ ഫീൽ തന്നെയാണ്. ഞാൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എനിക്ക് ഞാൻ ഒരുപാട് പ്രയോറിറ്റി കൊടുക്കുന്നുണ്ട്. എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ഇഷ്ടമുള്ള സ്ഥലത്ത് പോകുക, എക്സർസൈസ് ചെയ്യുക, ഇഷ്ടമുള്ള പാട്ട് കേൾക്കുക അങ്ങനെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുകയാണ്,” മീര പറയുന്നു.